Homepage Featured Lifestyle Tech

ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍നിരയില്‍ തന്നെ നിലനിര്‍ത്തും: ആകാശ് അംബാനി

ന്യൂഡല്‍ഹി: ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) വിന്യസിച്ചിരിക്കുന്ന ടെക്‌നോളജി ശൃംഖലകള്‍, സെമികണ്ടക്റ്ററുകള്‍ മുതല്‍ ഫ്രോഡ് മാനോജ്‌മെന്റ് സംവിധാനങ്ങളും 6ജിയും വരെയുള്ള ഇന്ത്യയുടെ പുരോഗതിയെ അടയാളപ്പെടുത്തുന്നതാണെന്ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി.

തുടര്‍ച്ചയായി ഇന്നവേഷന്‍ നടത്തുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് ജിയോയെന്നും ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍നിരയില്‍ തന്നെ നിലനിര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ആകാശ് അംബാനി പറഞ്ഞു.

ഇന്ത്യയുടെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിലെ നാഴികക്കല്ലാണ് ഇത്തവണത്തെ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസെന്നും അംബാനി ചൂണ്ടിക്കാട്ടി.

ഇന്ന് നമ്മള്‍ കാണുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള മൂല്യ ശൃംഖലയാണ്. സെമി കണ്ടക്റ്ററുകളും ഫ്രോഡ് മാനേജ്‌മെന്റും മുതല്‍ 6ജി വരെ അതില്‍ അടങ്ങിയിരിക്കുന്നു. ഞങ്ങള്‍ തുടര്‍ച്ചയായി ഇന്നവേറ്റ് ചെയ്തുകൊണ്ടിരിക്കും. ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഏറ്റവും മുന്‍നിരശ്രേണിയില്‍ നിലനിര്‍ത്തുകയും ചെയ്യും,’ ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി ഇവന്റുകളിലൊന്നായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിനെത്തിയ അംബാനി വ്യക്തമാക്കി.

ഇന്നവേഷനിലും സാങ്കേതിക പുരോഗതിയിലും വേരൂന്നിയ ഒരു പരിപാടിയുടെ തുടക്കമാണ് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനമെന്ന് വ്യവസായ സംഘടനയായ സിഒഎഐയുടെ ഡയറക്റ്റര്‍ ജനറല്‍ എസ് പി കൊച്ചാര്‍ പറഞ്ഞു.

‘പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതുപോലെ, ഇന്ത്യയുടെ സാങ്കേതിക ഭാവി കഴിവുള്ള കൈകളിലാണ്, ഡിജിറ്റല്‍ ഫസ്റ്റ് പ്ലാറ്റ്‌ഫോമായി രാജ്യം തന്നെ ശക്തമായി ഉയര്‍ന്നുവരുന്നു. ദ്രുതഗതിയിലുള്ള സാങ്കേതിക നവീകരണങ്ങളുടെയും സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ടെലികോം സേവന ദാതാക്കളുടെ സ്പാം/സ്‌കാമുകള്‍ പോലുള്ള അനാവശ്യ നടപടികള്‍ക്കെതിരെയുള്ള ദൃഢമായ നടപടിയുടെയും പിന്തുണയോടെ ആശയവിനിമയങ്ങള്‍ ഇപ്പോള്‍ ഏറ്റവും വിദൂര കോണുകളില്‍ വരെ എത്തുന്നു,’ കൊച്ചാര്‍ കൂട്ടിച്ചേര്‍ത്തു.

Related Posts