ഡൽഹി: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് സൈന്യം നൽകിയ ആദരത്തിൽ നന്ദിയറിയിച്ച് മോഹൻലാൽ. ഇന്ത്യൻ ആർമി ചീഫിൻറെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുള്ളതായി മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘നല്ല മീറ്റിംഗായിരുന്നു. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റു വാങ്ങി. ദാദാസാഹേബ് ഫാൽകേ അവാർഡും ചടങ്ങിന് ഒരു കാരണമാണ്. 16 വർഷമായി ആർമിയുടെ ഭാഗമായിട്ട്. പൊതു ജനത്തിന് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. ഇനിയും ഒരുപാട് പദ്ധതികളുണ്ട്. സമയമെടുക്കും. പുതുതലമുറയെ സൈന്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കും’- മോഹൻലാൽ പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ അഭിനന്ദന കാർഡ് നൽകിയാണ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി മോഹൻലാലിനെ അനുമോദിച്ചത്.
ഓണററി ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ ഈ അംഗീകാരം ലഭിക്കുന്നത് അഭിമാനവും സന്തോഷവുമെന്ന് മോഹൻലാൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ആദരത്തിൽ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിക്കും ടെറിട്ടോറിയൽ ആർമിക്കും ഇന്ത്യൻ സൈന്യത്തിനും മോഹൻലാൽ നന്ദിയറിയിച്ചു.
2009ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഓണററി ലെഫ്റ്റനന്റ് കേണൽ പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.
















