ഡൽഹി: ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ വിശദാംശങ്ങൾ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. എസ്ഐആറിന്റെ ഭാഗമായി ബിഹാറിൽ പട്ടികയിൽ നിന്ന് പുറത്തായ 3.66 ലക്ഷം വോട്ടർമാരുടെ വിവരം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതിയുടെ നിർദേശം.
വ്യാഴാഴ്ചയ്ക്കകം ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. അതേസമയം ഒഴിവാക്കപ്പെട്ടവരിൽ നിന്ന് ഇതുവരെ കോടതിക്ക് പരാതിയോ അപ്പീലോ ലഭിച്ചിട്ടില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30 നാണ് പ്രസിദ്ധീകരിച്ചത്. കോടതി ഉത്തരവുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യതയും പ്രവർത്തനക്ഷമതയും കൊണ്ടുവന്നിട്ടുണ്ടംന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയോട് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
മരണം, താമസം മാറ്റം, പേരുകളിലെ ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ യഥാര്‍ത്ഥ പട്ടികയില്‍നിന്ന് 65 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി. തുടർന്ന് ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയിലേക്ക് 21.53 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തപ്പോള്‍, 3.66 ലക്ഷം പേരുകള്‍ നീക്കം ചെയ്തു. ഈ പേരുകളുടെ വിശദാംശമാണ് കോടതി തേടിയത്. ഇതോടെ കരട് പട്ടികയില്‍ 17.87 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ട്.
മരിച്ചവരെയോ താമസം മാറിയവരെടോ ഒഴിവാക്കുന്നതിൽ കുഴപ്പമില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ ആരെയെങ്കിലും ഒഴിവാക്കുകയാണെങ്കിൽ റൂൾ -21 ഉം എസ്ഒപിയും പാലിക്കണമെന്നും നിർദേശിച്ചിരുന്നെന്ന് കോടതി ഓർമിപ്പിച്ചു. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ തെരെഞ്ഞെടുപ്പ് ഓഫീസിൽ പ്രദർശിപ്പിക്കാനും കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. കരട് പട്ടികയിലേക്ക് ഇപ്പോൾ അധികമായി ചേർത്തിരിക്കുന്നു. ഇതിലും ജനാധിപത്യ പ്രക്രിയയിൽ ആശയക്കുഴപ്പങ്ങളുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. പുതുതായി അന്തിമ പട്ടികയിൽ ഇടംപിടിച്ചവർ മുമ്പ് ഒഴിവാക്കപ്പെട്ടവരാണോ അതോ പുതിയ വോട്ടർമാരാണോ എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
















