Cinema Entertainment Homepage Featured

മലയാളി ആരാധകരുടെ ആവശ്യം കേട്ട് ആശിര്‍വാദ്; ദൃശ്യം 3 ഹിന്ദി പതിപ്പ് വൈകും

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ദൃശ്യം 3’. ദൃശ്യത്തിന്റെ ഫൈനല്‍ പാര്‍ട്ട് ആയിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും നാലാം ഭാഗവും വന്നേക്കാമെന്ന സൂചന സംവിധായകന്‍ ജീത്തു ജോസഫ് നല്‍കുന്നു. അതിനിടയിലാണ് ദൃശ്യം 3 ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നത്.

മലയാളത്തിനൊപ്പം തന്നെ ഹിന്ദി പതിപ്പും റിലീസ് ചെയ്യുമെന്നാണ് തുടക്കത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുമ്പോള്‍ ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ റിലീസ് മലയാളത്തിനൊപ്പം വേണ്ട എന്ന നിലപാടിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.

മലയാളം ടീം മൂന്ന് മാസത്തെ റിലീസ് ഗ്യാപ്പ് ആണ് ഹിന്ദി പതിപ്പിന്റെ അണിയറ പ്രവര്‍ത്തകരോടു ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ പ്രധാന ഉള്ളടക്കത്തിന്റെ പൂര്‍ണ അവകാശം മലയാളത്തിനു ആയിരിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. മലയാളി ആരാധകരുടെ കൂടെ ആവശ്യത്തെ തുടര്‍ന്നാണിത്.

മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തു തന്നെ ചിത്രീകരണം ആരംഭിക്കണമെന്ന് ഹിന്ദി നിര്‍മാതാക്കള്‍ക്കു ആവശ്യമുണ്ടായിരുന്നു. സംവിധായകന്‍ ജിത്തു ജോസഫും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഈ ആവശ്യം പൂര്‍ണമായി തള്ളിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹിന്ദി പതിപ്പും ഒന്നിച്ച് ഇറങ്ങിയാല്‍ അത് മലയാളം പതിപ്പിന്റെ ലോങ് റണ്ണിനെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് മലയാളം നിര്‍മാതാക്കള്‍ എത്തിയത്.

ആദ്യം ഹിന്ദിയില്‍ തുടങ്ങാന്‍ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നല്‍കിയതോടെ അവര്‍ക്ക് പിന്തിരിയേണ്ടിവന്നുവെന്ന് ജീത്തു നേരത്തെ പറഞ്ഞിരുന്നു.

അതേസമയം മലയാളം പതിപ്പിന്റെയും ഹിന്ദി പതിപ്പിന്റെയും കഥ ഒന്നായിരിക്കും. ജീത്തു ജോസഫിന്റെ കഥയെ ആസ്പദമാക്കി തന്നെയാണ് ഹിന്ദി പതിപ്പിന്റെ തിരക്കഥ ഒരുക്കുക.

Related Posts