ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ നടത്തിയ ആക്രമണ ശ്രമത്തിൽ തീരെ കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. അങ്ങനെയൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചത് ദൈവമാണെന്നും തനിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തതെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. ഇതിന്റെ പേരിൽ എന്ത് പ്രത്യാഘാതമുണ്ടായാലും അത് നേരിടാൻ തയ്യാറാണെന്നും രാകേഷ് വ്യക്തമാക്കി. പ്രധാനമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ പ്രതികരണം.
ചൊവ്വാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് കോടതി മുറിക്കുള്ളിൽ ആക്രമണ ശ്രമം നടന്നത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ രാകേഷ് കിഷോർ ശ്രമിച്ചത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്റെ അക്രമം. സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യസമയത്ത് അഭിഭാഷകനെ തടയുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. എന്നാൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിട്ടും ചീഫ് ജസ്റ്റിസ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പ്രതികരിച്ചുകൊണ്ട് കോടതി നടപടികൾ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ അത് ദൈവത്തോട് പോയി പറയൂ എന്നൊരു അഭിപ്രായം ചീഫ് ജസ്റ്റിസ് നടത്തിയിരുന്നു. ഇതിനെതിരെ ചില ഹിന്ദു സംഘടനകൾ രംഗത്തെത്തിയതാണ് അതിക്രമത്തിന് കാരണമായത്. സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും എസ്‍സിആർഒഎ ഉൾപ്പെടെയുള്ള സംഘടനകളും അപലപിച്ച് രംഗത്ത് എത്തിയിരുന്നു. അതേസമയം രാകേഷ് കിഷോറിനെതിരെ കൂടൂതൽ നടപടികൾ എടുക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചതിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. എന്നാൽ ബാർ കൗൺസിൽ അഭിഭാഷകനെ സസ്പെൻഡ് ചെയ്തു. മാത്രമല്ല രാകേഷിനെതിരെ കൗൺസിൽ അച്ചടക്ക നടപടികളും തുടങ്ങിയിട്ടുണ്ട്.
















