പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിരവേറ്റാൻ പലരും ആശ്രയിക്കുന്നത് പേഴ്സണൽ ലോണുകളെയാണ്. അതിനാൽതന്നെ, ഇന്ത്യയിൽ അവ ഏറെ ജനപ്രിയമാണ്. വ്യക്തിഗത വായ്പ എടുക്കുന്നതിനു മുമ്പ്, വ്യത്യസ്ത ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ, ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുന്ന ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.
വായ്പ എടുക്കുന്ന സമയത്ത് ഈടാക്കുന്ന പ്രോസസിംഗ് ചാർജുകളും മനസിലാക്കണം. ചിലപ്പോൾ, പലിശ നിരക്കുകൾ കുറവാണെങ്കിൽ പോലും ഈ ചാർജുകൾ മുഴുവൻ ഇടപാടിനെയും ചെലവേറിയതാക്കും. 2025 ഒക്ടോബറിൽ വ്യത്യസ്ത വായ്പാദാതാക്കൾ, പ്രത്യേകിച്ച് സ്വകാര്യ, സർക്കാർ മേഖലയിലെ പ്രമുഖ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ എത്രയാണെന്ന് അറിയാം.
എച്ച്ഡിഎഫ്സി ബാങ്ക്: ഈ സ്വകാര്യ മേഖലാ ബാങ്ക് പ്രതിവർഷം 9.99 മുതൽ 24% വരെ പലിശ ഈടാക്കുന്നു. അതേസമയം, 6,500 രൂപ പ്രോസസ്സിംഗ് ചാർജും ജിഎസ്ടിയും ഈടാക്കുന്നു.
ഐസിഐസിഐ ബാങ്ക്: ഈ സ്വകാര്യ മേഖലാ ബാങ്ക് പ്രതിവർഷം 10.60% മുതൽ 16.50% വരെ പലിശ ഈടാക്കുന്നു. അതേസമയം, പ്രോസസ്സിംഗ് ചാർജുകൾ വായ്പ തുകയുടെ 2 ശതമാനം വരെയും ബാധകമായ നികുതികളുമാണെന്ന് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കാണിക്കുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് പ്രതിവർഷം 9.98 ശതമാനത്തിൽ തുടങ്ങുന്നു. പ്രോസസ്സിംഗ് ഫീസ് 5 ശതമാനം വരെയാണ് നികുതിയും നൽകേണ്ടതുണ്ട്.
ഫെഡറൽ ബാങ്ക്: പ്രതിവർഷം 11.99 മുതൽ 18.99% വരെ പലിശ ഈടാക്കുന്നു. പ്രോസസ്സിംഗ് ചാർജുകൾ പ്രതിവർഷം 3% വരെയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ): ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് പ്രതിവർഷം 10.05 മുതൽ 15.05% വരെ പലിശ ഈടാക്കുന്നു. ഈ നിരക്കുകൾ 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു. വ്യക്തിഗത വായ്പയുടെ പ്രോസസ്സിംഗ് ചാർജുകൾ 1,000 മുതൽ 15,000 വരെയും ജിഎസ്ടിയും ഉൾപ്പെടുന്നതാണ്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രതിവർഷം 10.75% മുതൽ 14.45% വരെ പലിശ ഈടാക്കുന്നു.
ബാങ്ക് ഓഫ് ബറോഡ: പ്രതിവർഷം 10.40 മുതൽ 15.75 ശതമാനം വരെ പലിശ ഈടാക്കുന്നു.
















