Homepage Featured Kerala News

ശബരിമല സ്വർണപ്പാളി വിവാദം: 2019 ന് മുമ്പുള്ളതല്ല ഇപ്പോഴുള്ളത്, നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമലയിൽ 2019 ന് മുമ്പുണ്ടായ സ്വർണപ്പാളികളല്ല ദ്വാരപാലക ശിൽപ്പങ്ങളിൽ നിലവിലുള്ളതെന്ന നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ദ്വാരപാലക ശിൽപ്പങ്ങളുടെ മുമ്പുണ്ടായിരുന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് വിജിലൻസ് കണ്ടെത്തൽ. കൂടുതൽ വ്യക്തതയ്ക്കായി വിജിലൻസ് ശാസ്ത്രീയ പരിശോധനകൾ നടത്തും.

2019 ൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ചെമ്പായിരുന്നു എന്നാണ് ദേവസ്വത്തിന്റെ മഹസറിൽ പറയുന്നത് എന്നാൽ 1999 ൽ വിജയ് മല്യ സ്വർണം പൂശിയപ്പോൾ ഒന്നര കിലോ സ്വർണം ദ്വാര പാലകശിൽപ്പങ്ങളിൽ ഉപയോ​ഗിച്ചതായി തെളിവുകളുണ്ട്. 2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി തിരികെ കൊണ്ടുവന്നപ്പോൾ സ്വർണത്തിന്റെ അളവ് 394 ​ഗ്രാമായി കുറഞ്ഞുവെന്നും വിജിലൻസ് പറയുന്നു. ദേവസ്വം വിജിലൻസ്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉൾപ്പെട്ടിട്ടുള്ളത്. നിലവിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ കാലപ്പഴക്കമടക്കം കണ്ടെത്താൻ ഹൈക്കോടതിയിൽ വിജിലൻസ് വിദഗ്ധപരിശോധന ആവശ്യപ്പെട്ടേക്കും.

ഇതോടെ ശബരിമലയിൽ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ കവർച്ച ചെയ്യപ്പെട്ടെന്ന സൂചന ബലപ്പെടുകയാണ്. 1998ൽ ആണ് വിജയ് മല്യ ശ്രീകോവിൽ സ്വർണം പൊതിഞ്ഞു നൽകുന്നത്. അതിനൊപ്പമാണ് ദ്വാരപാലക ശില്പങ്ങളും സ്വർണ്ണം പൂശിയത്. 2019 വരെ എല്ലാ മാസപൂജകളുടെയും മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുടെയും ചിത്രങ്ങൾ പരിശോധിക്കുമ്പോൾ അതിൽ എല്ലാം സ്വർണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളാണുള്ളത്.

എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെമ്പ് പാളി വാദത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചീഫ് എൻജിനിയർ രവികുമാർ പൂർണ്ണമായി തള്ളിയിരുന്നു. ദ്വാരപാലകശില്പങ്ങളിൽ പതിച്ചിരുന്ന പാളികൾ ചെമ്പല്ല, സ്വർണം പൊതിഞ്ഞവ തന്നെയായിരുന്നു എന്നാണ് 1997 മുതൽ 2013 വരെ ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആയിരുന്ന അദ്ദേഹം പറയുന്നത്. ദ്വാരപാലകശില്പങ്ങളിൽ സ്വർണ്ണം പൂശിയത് പേപ്പറിന്റെ കനത്തിലുള്ള സ്വർണ ഫോയിലുകളാക്കിയാണ്. 1999ൽ ഈ പ്രക്രിയ നടന്നതിന്റെ മഹസർ ശബരിമല ദേവസ്വത്തിലും പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലും ഉണ്ടെന്നും 2013ൽ താൻ വിരമിക്കുന്നത് വരെ അവയ്ക്ക് ഒരു കുഴപ്പങ്ങളുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

2019ൽ നവീകരണത്തിനായി സ്വർണപ്പാളികൾ അഴിച്ചുകൊണ്ട് പോയപ്പോൾ അതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചിരുന്നില്ല. ആ തെളിവ് ഇല്ലാതെ പോയതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബലം. എന്നാൽ, സന്നിധാനത്ത് പലയിടങ്ങളിലായി ഏകദേശം 15 സിസിടിവി ക്യാമറകളുണ്ട്. അതിൽ നിന്നും പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനായാൽ അവ ശക്തമായ തെളിവാകും. അതേസമയം അന്വേഷണത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും സത്യസന്ധമായി അത് നടക്കുമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ പ്രതികരിച്ചു.

Related Posts