Cricket India Lead News News Sports

വനിതാ ലോകകപ്പിലും കൈ കൊടുത്തില്ല; പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ നിലപാട് തുടരും

കൊളംബോ: വനിതാ ലോകകപ്പ് ക്രിക്കറ്റിലും പാക്കിസ്ഥാന് കൈ കൊടുക്കാതെ ഇന്ത്യ. മത്സരത്തിനു മുമ്പ് പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻ ഫാത്തിമാ സനയ്ക്ക് കൈ കൊടുക്കാൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയ്യാറായില്ല. ടോസ് നേടിയ പാക്കിസ്താൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ടോസിന് ശേഷം ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങുകയായിരുന്നു.

ഏഷ്യാകപ്പിൽ ഇന്ത്യൻ പുരുഷ ടീമും സമാനമായ നിലപാടായിരുന്നു സ്വീകരിച്ചത്. വനിതാ ലോകകപ്പിലും ഹസ്തദാനത്തിന് തയ്യാറാകില്ലെന്ന് നേരത്തേ തന്നെ ബിസിസിഐ സെക്രട്ടറി ദേവജീത് സായ്കിയ വ്യക്തമാക്കിയിരുന്നു. മത്സരത്തിന് ശേഷവും ഇന്ത്യൻ താരങ്ങൾ പാക്കിസ്താൻ കളിക്കാർക്ക് കൈ കൊടുക്കില്ല.

പഹൽ​ഗാം ഭീകരാക്രമണത്തിലും തുടർന്നുണ്ടായ സംഘർഷാവസ്ഥയിലും പ്രതിഷേധിച്ചാണ് താരങ്ങൾ ഈ നിലപാട് സ്വീകരിക്കുന്നത്. ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ടോസ് ചെയ്യുവാനായി എത്തിയപ്പോൾ മാച്ച് റഫറിക്ക് ടീം ചാർട്ട് നൽകിയ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആ​ഗയും മാറി നിന്നിരുന്നു. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം ചെയ്യാനും ഇന്ത്യൻ താരങ്ങൾ തയ്യാറായിരുന്നില്ല. ഇതോടെയായിരുന്നു വിവാദങ്ങൾക്ക് തുടക്കമായത്.

ഏഷ്യാകപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ ​​ഗ്രൂപ്പ് മൽസരത്തിനു ശേഷം നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. ഞങ്ങൾ ഇവിടെ ക്രിക്കറ്റ് കളിക്കാനാണു വന്നത്. ചില കാര്യങ്ങൾ ക്രിക്കറ്റിന് അപ്പുറമുള്ളതാണ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാ​ഗങ്ങൾക്കുമൊപ്പമാണ് ഞങ്ങളുടെ മനസ്സ്. ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി ഈ വിജയം സമർപ്പിക്കുന്നു – മത്സരശേഷം സൂര്യകുമാർ പറ‍ഞ്ഞു. ഹസ്തദാനം ഒഴിവാക്കിയത് ബിസിസിഐയുടെയും സർക്കാരിന്റെയും നിർദേശമനുസരിച്ചാണെന്നും വാർത്താ സമ്മേളനത്തിൽ സൂര്യകുമാർ പറഞ്ഞിരുന്നു.

ടൂർണമെന്റിൽ കളിച്ച മൂന്നുകളിയിലും ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങളുമായി ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല. ചാമ്പ്യന്മാരായ ഇന്ത്യ പി.സി.ബി ചെയര്‍മാൻ മൊഹ്സിൻ നഖ്വിയിൽ നിന്ന് കപ്പ് സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് കപ്പുമായി നഖ്വി കടന്നുകളഞ്ഞതും വിവാദമായിരുന്നു.

Related Posts