Homepage Featured News World

അങ്ങനെ വിട്ടുപോകാൻ ഉദ്ദേശമില്ല; ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു

ജറുസലേം: ഇസ്രായേൽ ​ഗാസ യുദ്ധത്തിൽ ഹമാസ് സമാധാന കരാർ അം​ഗീകരിച്ചതിന് പിന്നാലെ ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാ​ഗമായോ സൈനിക നടപടികളിലൂടെയോ ഹമാസിന്റെ നിരായുധീകരണം നടത്തുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ നെതന്യാഹു പറ‍ഞ്ഞത്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിൻമാറില്ലെന്നും അദ്ദേഹം സൂചന നൽകി. ഏറെ കാലമായി ​ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റം ആ​ഗ്രഹിക്കുകയായിരുന്നു ഹമാസ്. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പുതിയ സൂചനകൾ വന്നിരിക്കുന്നത്. സമാധാമ പദ്ധതി അം​ഗീകരിച്ചതിന്റെ ഭാ​ഗമായി തിങ്കളാഴ്ച ഈജിപ്തിൽ വച്ച് ഇസ്രയേലും ഹമാസും തമ്മിൽ ചർച്ചയ്ക്ക് തയാറെടുക്കുകയാണ്.

‘‘ഇസ്രയേൽ സൈന്യം ഗാസയിൽ നിയന്ത്രിക്കുന്ന പ്രദേശങ്ങൾ നിലനിർത്തും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, ഹമാസിനെ നയതന്ത്രപരമായോ സൈനിക നടപടിയിലൂടെയോ നിരായുധരാക്കും. കൂടുതൽ കാലതാമസം ഡോണൾഡ് ട്രംപ് അംഗീകരിക്കില്ല’’–നെതന്യാഹു പറഞ്ഞു.

ഇസ്രായേലിന്റെ കണക്കുകൾ പ്രകാരം ഹമാസ് ബന്ദികളാക്കിയ 48 പേരിൽ 20 പേർ ജീവനോടെയുണ്ട്. വരും ദിവസങ്ങളിൽ ഗാസയിൽ നിന്നും ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നെതന്യാഹു പറഞ്ഞു. ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ മാത്രമാണ് ഹമാസ് അംഗീകരിച്ചത്. ഗാസയുടെ ഭരണം കൈമാറുന്നതും ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കുന്നും സംബന്ധിച്ചുള്ള ഉപാധികൾക്കാണ് ഹമാസ് സമ്മതമറിയിച്ചത്. അതേസമയം, മറ്റ് ഉപാധികളിൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് വ്യക്തമാക്കി.

ഹമാസിന്റെ പ്രതികരണത്തെ കഴിഞ്ഞ ദിവസം ട്രംപ് സ്വാ​ഗതം ചെയ്തിരുന്നു. പിന്നാലെ ഗാസയിൽ ഉടൻ വെടിനിർത്തൽ ഉറപ്പാക്കണമെന്ന് ഇസ്രായേലിനോട് നിർദേശിക്കുകയും ചെയ്തു. സമാധാന പദ്ധതിയിൽ എത്രയും വേഗം നിലപാട് അറിയിക്കണമെന്നും ഇല്ലെങ്കിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഹമാസ് പദ്ധതി അംഗീകരിച്ചത്. സമാധാന പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്നും കാലതാമസം ഉണ്ടായാൽ ക്ഷമിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Related Posts