Homepage Featured India News

ചുമ സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: സാമ്പിൾ പരിശോധനയിൽ വിഷാംശം കണ്ടെത്തി

മധ്യപ്രദേശ്: ചുമ സിറപ്പ് കഴിച്ചതിന് പിന്നാലെ കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. കഫ് സിറപ്പ് സാമ്പിളുകളുടെ പരിശോധനയിൽ വിഷാംശം കണ്ടെത്തി എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് വിൽപ്പന നിരോധിക്കാനുള്ള നടപടി. കുട്ടികൾ മരിച്ചതിനെ തുടർന്ന് മരുന്ന് നിർദേശിച്ച ഡോക്ടറെ കസ്റ്റഡിയിൽ എടുത്തിരുന്നു.

അസുഖവുമായി എത്തിയ കുട്ടികൾക്ക് മരുന്ന് നിർദേശിച്ച ഡോക്ടർ പ്രവീൺ സോണിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി മരുന്നു നിർദ്ദേശിച്ചതിനാലാണ് ഡോക്ടർക്കെതിരെ നടപടി എടുത്തത്. കഫ് സിറപ്പ് കുടിച്ച് മധ്യപ്രദേശിൽ മാത്രം മരിച്ചത് പതിനാല് കുട്ടികളാണ്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി കുട്ടികൾ മരണപ്പെട്ടതിനാൽ തെലങ്കാനയിലും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. മരുന്ന് കമ്പനിയായ ശ്രേസൻ ഫാർമസ്യൂട്ടിക്കലിനെതിരെയും കേസെടുത്തിട്ടുണ്ട്. ആറു സംസ്ഥാനങ്ങളിലായി ഈ മരുന്നിന്റെ നിർമ്മാണം നടത്തുന്ന 19 ഇടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന നടത്താൻ തുടങ്ങി.

കോൾഡ്രിഫ് കഫ് സിറപ്പ് നേരത്തെ രാജസ്ഥാനിലും നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മധ്യപ്രദേശിലും നിരോധിച്ചിരിക്കുന്നത്. കഫ് സിറപ്പിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഡൈത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം 48.6 ശതമാനം അടങ്ങിയതായി കണ്ടെത്തുകയായിരുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികളിൽ ആദ്യം വൃക്കയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടാവുകയും തുടർന്ന് കുട്ടികൾ മരണപ്പെടുകയുമായിരുന്നു.

Related Posts