മോഹൻലാലിനുള്ള അംഗീകാരം മലയാളത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല സിനിമകളിലും മോഹൻലാലിന്റെ കഥാപാത്രങ്ങൾ അയൽപക്കത്തെ കഥാപാത്രത്തെപ്പോലെ തോന്നിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ ആദരിക്കാനായി ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. സിനിമയിലും ജീവിതത്തിലും ഉണ്ടായ മാറ്റങ്ങളായിരുന്നു മോഹൻലാൽ മറുപടി പ്രസംഗത്തിൽ അനുസ്മരിച്ചത്.
‘മലയാളസിനിമയ്ക്ക് നൂറു വയസ്സു തികയുന്നു. അര നൂറ്റാണ്ടായി മലയാള സിനിമയിൽ തുടരുന്നയാളാണ് മോഹൻലാൽ.1986 ൽ വ്യത്യസ്ഥ പ്രമേയമുള്ള 34 സിനിമകളിൽ മോഹൻലാൽ അഭിനയിച്ചു. ഇന്നത്തെ നായകന്മാർ മൂന്നോ നാലോ സിനിമകളിൽ മാത്രമാണ് ഒരു വർഷം അഭിനയിക്കുന്നത്.’- മുഖ്യമന്ത്രി പറഞ്ഞു. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ പ്രതിനായകനായെത്തി. പല സിനിമകളിൽ അയൽപക്കത്തെ ചെറുപ്പക്കാരനെന്ന പോലെ തോന്നിപ്പിക്കുന്ന മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ പിണറായി അനുസ്മരിച്ചു.
കർണഭാരം, ഛായാമുഖി തുടങ്ങിയ നാടകങ്ങളിലായി മോഹൻലാൽ അരങ്ങിലെത്തി. അരപ്പട്ടിണിക്കാരനായ കഥകളിക്കാരനായി ലാൽ അഭിനയിച്ച വാനപ്രസ്ഥത്തിലെ കഥാപാത്രത്തെയും പിണറായി ഓർത്തെടുത്തു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ സംഗീതാലാപന രംഗങ്ങളും അവിസ്മരണീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മോഹൻലാൽ 9 തവണ കേരള സംസ്ഥാനത്തെ മികച്ച നടനായി. പത്മശ്രീ, പത്മഭൂഷണും അദ്ദേഹം നേടി. ഒട്ടേറെ അവാർഡുകൾ നേടി. അതോടൊപ്പമാണ് അദ്ദേഹം ഫാൽക്കേ അവാർഡും ചേർത്തു വയ്ക്കുന്നത്. കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
മറുപടി പ്രസംഗത്തിനായി എത്തിയ മോഹൻലാൽ ആദ്യമായി സിനിമയെന്ന മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറിയ കാലം ഓർത്തെടുത്തു. സുഹൃത്തുക്കൾ അയച്ചു കൊടുത്ത ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് സംവിധായകൻ ഫസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് സെലക്ട് ചെയ്തതും ചിത്രത്തിൽ നരേന്ദ്രനായി അഭിനയിച്ചതുമായ ഓർമകൾ മോഹൻലാൽ വേദിയിൽ പങ്കുവെച്ചു. ഇപ്പോൾ അഭിനയിക്കുന്ന ദൃശ്യത്തിന്റെ ചായം തന്റെ മുഖത്ത് കാണാമെന്നും അദ്ദേഹം പറഞ്ഞു.
നിലക്കടല കൊറിച്ച് വിയർത്ത് സിനിമ കണ്ടിരുന്നവർ ഇന്ന് മൾട്ടി പ്ലക്സുകളിൽ സിനിമ കാണുന്നു. നായകന്മാർ മാത്രമല്ല സിനിമ. പ്രേക്ഷകരെ മടുപ്പിക്കാതിരിക്കാൻ വ്യത്യസ്ഥ സിനിമകൾ രചിക്കുന്ന എഴുത്തുകാരെയും സിനിമയിലെ ഛായാഗ്രാഹകരേയും മോഹൻലാൽ ഓർത്തു. കാഴ്ച്ചക്കാരില്ലെങ്കിൽ മറ്റൊന്നിനും പ്രസക്തിയില്ലെന്നും അതിനാലാണ് ഈ അവാർഡും പ്രേക്ഷകർക്കും മലയാളികൾക്കും സമർപ്പിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
















