ന്യൂഡൽഹി: രണ്ടു സംസ്ഥാനങ്ങളിലായി 11 കുട്ടികൾ ചുമ സിറപ്പ് കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ മരിച്ചതിന് പിന്നാലെ രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുതെന്ന് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായിട്ടാണ് 11 കുട്ടികൾ മരിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ആണ് ചുമ സിറപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
മരിച്ച ഒമ്പത് കുട്ടികളിൽ അഞ്ച് പേർ കോൾഡ്റെഫ് കഴിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഒരാൾ നെക്സ്ട്രോ സിറപ്പ് കഴിച്ചിരുന്നു. സ്വകാര്യ ഡോക്ടർമാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറൽ രോഗമുള്ള ഒരു രോഗിയെയും സ്വകാര്യമായി ചികിത്സിക്കരുത്, ഉടൻ സിവിൽ ആശുപത്രിയിലേക്ക് അയക്കണം എന്നും നിർദേശം നൽകി.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ രണ്ടാഴ്ചക്കിടെ ഒമ്പത് കുട്ടികൾ വൃക്ക തകരാറുമൂലം മരിച്ചതാണ് അന്വേഷണത്തിന് ഇടയാക്കിയത്. വൃക്ക തകരാറിലായ കേസുകൾ മലിനമായ ചുമ സിറപ്പുകൾ കഴിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മധ്യപ്രദേശിലെയും അയൽ സംസ്ഥാനമായ രാജസ്ഥാനിലെയും ആരോഗ്യ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
















