ബ്രൈറ്റൺ: യുഎസിലെ ബ്രൈറ്റണിൽ വേട്ടയ്ക്കിടെ അണ്ണാനാണെന്ന് കരുതി വെച്ച വെടിയേറ്റ് കാർസൺ റയാൻ എന്ന 17-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പതിവ് വേട്ടയാടലിന് ഇടയിലാണ് വിദ്യാർത്ഥിയും കായിക താരവുമായിരുന്നു കാർസൺ റയാന് വെടിയേറ്റതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളും അറിയിച്ചു.
ഒരു സംഘം വേട്ടക്കാർക്കൊപ്പമാണ് റയാൻ കാട് കയറിയത്. ഇവർ അണ്ണാനെപ്പോലുള്ള ചെറുജീവികളെയാണ് വേട്ടയാടാൻ ലക്ഷ്യമിട്ടിരുന്നത്. വേട്ടക്കിടെ, സംഘത്തിലെ ഒരംഗം മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട റയാന്‍റെ തലയുടെ പിന്നിലായാണ് കൊണ്ടത്. ഉടൻതന്നെ അടിയന്തര ചികിത്സ നൽകി റയാനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പരിക്ക് ഗുരുതരമായിരുന്ന റയാന്റെ മരണം സംഭവിക്കുകയായിരുന്നു.
















