കൊച്ചി: സി പി എം വേദിയിൽ താൻ എത്തിയത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉയർത്തിയ റിനി ആൻ ജോർജ്ജ്. സിപിഎം സ്ഥാനാർത്ഥിയാകാൻ വേണ്ടിയല്ല താൻ അവർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതെന്നും റിനി വ്യക്തമാക്കി. സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച നടത്തിയ പെൺ പ്രതിരോധ കൂട്ടായ്മയിൽ പങ്കെടുത്ത് റിനി സംസാരിച്ചിരുന്നു. യോഗത്തിൽവെച്ച് സിപിഎമ്മിലേക്ക് റിനിയെ കെ ജെ ഷൈൻ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
സ്ത്രീപക്ഷ നിലപാടുകളുടെ ഭാഗമായാണ് അവിടെ എത്തിയത്. ഈ വിഷയം സംസാരിക്കാൻ ആരു ക്ഷണിച്ചാലും പോകും. കെ ജെ ഷൈൻ എന്ന പ്രത്യേക ഒരാൾക്ക് പിൻതുണ നല്കാൻ പോയതല്ല. സ്ത്രീപക്ഷ നിലപാടാണ് വ്യക്തമാക്കിയത്. ചിലർ ഗൂഡാലോചന ആരോപിക്കുന്നുണ്ട്. അങ്ങനെ പറയുന്നവർക്ക് എന്റെയും കുടുംബത്തിന്റെയും ഫോൺ രേഖകൾ പരിശോധിക്കാം. താനിഷ്ടപ്പെടുന്ന പ്രസ്ഥാനത്തെ നശിപ്പിക്കാൻ ഒരിക്കലും ശ്രമിക്കില്ല. പക്ഷെ ഇഷ്ടമല്ലാത്തവർക്കെതിരെ കഥകൾ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ അവരുടെ രീതി. താൻ പരാതി പറഞ്ഞ ചിലരെ വെള്ളപൂശാൻ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. എനിക്കറിയാവുന്ന ഒരു പാട് കാര്യങ്ങളുണ്ട്. എന്നെ പിന്നെയും താറടിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്.
ഈ രീതി ഇനിയും തുടർന്നാൽ അത് സഹിക്കാനാകില്ല. തനിക്ക് അറിയാവുന്ന മുഴുവൻ കാര്യങ്ങളും തുറന്നു പറഞ്ഞാൽ അത് പലരും താങ്ങില്ല. ഇതുവരെയും താൻ ഒരു പാർട്ടിയുടെ പേരോ ആളുകളുടെ പേരോ പറഞ്ഞിട്ടില്ല. ഇങ്ങനെ പോയാൽ അതെല്ലാം പറയേണ്ടി വരുമെന്നും
അവർ വ്യക്തമാക്കി. സൈബർ കേസുകളിൽ നിയമങ്ങൾ കർശനമാക്കണം. ഒരു മനുഷ്യനെ ഇല്ലായ്മ ചെയ്യുകയാണ് സൈബർ ഇടങ്ങൾ ചെയ്യുന്നത്. കൊലപാതകം പോലെ തന്നെ ഇതിനെയും കാണണം.
തന്റെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയതിന് ശേഷം റിനിക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തല്‍ നടത്തിയത്. നേതാവിന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞിരുന്നു. റിനിയുടെ തുറന്നുപറച്ചിലിനു ശേഷം പല സൈബർ ഗ്രൂപ്പുകളിൽ നിന്നും റിനിക്കെതിരെ നിരന്തരമായ ആക്രമണം ഉണ്ടായി. പരാതിയിൽ പറയുന്നവർ തന്റെ പേരെടുത്ത് പറഞ്ഞാണ് വീഡിയോകൾ ചെയ്തതെന്നും റിനിയുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
















