Homepage Featured News World

ഫ്രാൻസിൽ ചെലവുചുരുക്കലിനെതിരെ പ്രതിഷേധം ശക്തം; ഈഫൽ ടവർ അടച്ചു

പാരീസ്: ഗവൺമെന്റിന്റെ ചിലവു ചുരുക്കലിനെതിരെ വ്യാഴാഴ്ച (2025 ഒക്ടോബർ 2) ഫ്രാൻസിൽ നടന്ന സമരം 200 ലധികം ടൗണുകളിലേക്കും ന​ഗരങ്ങളിലേക്കും വ്യാപിച്ചു. അതിസമ്പന്നർക്ക് കുറഞ്ഞ നികുതി ഈടാക്കുന്നതിനേയും സമരക്കാർ എതിർക്കുന്നു. സമരത്തെത്തുടർന്ന് ഈഫൽ ടവർ അടച്ചതായി അധികൃതർ സന്ദർശകരെ അറിയിച്ചു.

ആയിരക്കണക്കിന് വരുന്ന തൊഴിലാളികളും വിദ്യാർത്ഥികളും വിരമിച്ച ജീവനക്കാരുമാണ് സമരത്തിലുള്ളത്. കഴിഞ്ഞ മാസത്തിൽ ഫ്രാൻസിലെ പ്രധാനപ്പെട്ട യൂണിയനുകൾ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് സമരം. സാമൂഹിക ക്ഷേമ പദ്ധതികൾ മരവിപ്പിക്കാനും ചെലവുചുരുക്കാനുമുള്ള നടപടികളിൽ നിന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു പിന്നോട്ടുപോകണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രധാനമന്ത്രിയുടെ നയങ്ങൾ തൊഴിലാളികളുടെ വാങ്ങൽ ശേഷി ഇല്ലാതാക്കുന്നതായി സമരക്കാർ പറയുന്നു. സമ്പന്നർക്കു മേൽ അധിക നികുതി ചുമത്താനും രാജ്യത്ത് ആവശ്യമുയരുന്നു.

കഴിഞ്ഞ മാസമാണ് ലികോർണു ഫ്രാൻസിൽ അധികാരത്തിലെത്തിയത്. എന്നാൽ ഇതുവരെ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. ലികോർണു തനിക്കു മുമ്പുണ്ടായിരുന്ന സർക്കാരിന്റെ സമീപനങ്ങൾ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സമരം ആരംഭിച്ചത്. അടുത്ത ബഡ്ജറ്റിൽ കടുത്ത ചെലവു ചുരുക്കലിന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ശ്രമമാരംഭിച്ചിരുന്നു. പുതുതായി അധികാരത്തിലെത്തിയ സെബാസ്റ്റ്യൻ ലികോർണുവിൽ സമ്മർദ്ദം ചെലുത്തി സർക്കാരിന്റെ ഈ നീക്കം തടയുകയാണ് സമരത്തിലൂടെ ലക്ഷ്യമിടുന്നത്. വിരമിക്കൽ പ്രായം വർ‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോകണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.

സർക്കാരോ ബഡ്ജറ്റോ ഇല്ലാതെ രാജ്യത്ത് ഒരു സമരം നടക്കുന്നത് ഇതാദ്യമാണ്. സമരത്തിന് കാരണമായ സംഭവങ്ങളുടെ പ്രസക്തിയാണ് ഇത് കാണിക്കുന്നതെന്ന് സി.ജി.ടി യൂണിയൻ നേതാവ് സോഫി ബിനറ്റ് പറഞ്ഞു. ‘ നമ്മളെന്തുകൊണ്ടാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത് ? ഇപ്പോഴാണ് പ്രധാന തീരുമാനങ്ങളെടുക്കുന്നത്. ​ഗവണ്മെന്റ് ഞങ്ങളെ കേൾക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ‘ -ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സോഫി ബിനറ്റ് പറഞ്ഞു. അതേസമയം 85000 ത്തോളം പ്രക്ഷോഭകാരികളാണ് പാരീസ് തെരുവിലുള്ളതെന്ന് ഇന്റീരിയർ വകുപ്പ് മന്ത്രി പറഞ്ഞു.

Related Posts