Cinema Entertainment

ഇന്ത്യന്‍ സിനിമയ്ക്ക് വലിയ സാധ്യതകള്‍ തുറന്നിടുന്ന ദുൽഖർ

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയമായിരിക്കുകയാണ്. ലോകഃ ഇത്രത്തോളം ജനകീയമാക്കിയതില്‍ ദുല്‍ഖര്‍ എന്ന നിര്‍മാതാവിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. റിലീസിനു മുന്‍പു ഓവര്‍ ഹൈപ്പ് നല്‍കാതെ പടം ക്ലിക്കായെന്നു കണ്ടപ്പോള്‍ പ്രേക്ഷകരെ രണ്ടാമതും തിയറ്ററുകളിലെത്തിക്കാന്‍ വേണ്ടി നടത്തിയ കിടിലന്‍ പ്രൊമോഷന്‍ സ്ട്രാറ്റജികള്‍ അടക്കം എടുത്തുപറയേണ്ടതാണ്.

ഇന്ത്യന്‍ സിനിമയില്‍ കേട്ടുകേള്‍വിയില്ലാത്ത വിപ്ലവകരമായ ഒരു തീരുമാനം ലോകഃയുടെ വിജയത്തിനു ശേഷം ദുല്‍ഖറില്‍ നിന്നുണ്ടായി. സിനിമയുടെ ലാഭവിഹിതം അഭിനയിച്ചവര്‍ക്കും അണിയറയില്‍ ഉണ്ടായിരുന്നവര്‍ക്കുമായി പങ്കുവയ്ക്കുകയായിരുന്നു ആ തീരുമാനം. ലോകഃയുടെ ഭാഗമായ എല്ലാവര്‍ക്കും പ്രതിഫലത്തിനു പുറമെ ലാഭത്തില്‍ നിന്ന് ഒരു വിഹിതവും ലഭിക്കും. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നിര്‍മാതാവും എടുക്കാത്ത തീരുമാനം.

ദുല്‍ഖറിന്റെ തീരുമാനം പുതിയൊരു സന്ദേശം കൂടി ഇന്ത്യന്‍ സിനിമ മേഖലയ്ക്കു നല്‍കുന്നതാണ്. കേവലം നിര്‍മാതാവിന്റെ മാത്രമല്ല സിനിമ, മറിച്ച് എല്ലാവരുടെയും ആണെന്ന സന്ദേശം. കേവലം ഒരു തൊഴിലാളി എന്നതിനപ്പുറം ഈ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ഇത് തങ്ങളുടെ സ്വന്തം സിനിമയാണെന്ന തോന്നല്‍ ഉണ്ടാക്കുന്ന ചരിത്രപരമായ തീരുമാനമാണിത്. മാത്രമല്ല അഭിനയിക്കുന്നവരും സാങ്കേതിക പ്രവര്‍ത്തകരും ഇങ്ങനെയൊരു തോന്നലിലേക്ക് എത്തിയാല്‍ അത് സിനിമയുടെ ക്വാളിറ്റി വര്‍ധിക്കാനും കാരണമാകും.

ഹോളിവുഡ് സിനിമയില്‍ കണ്ടുവരുന്ന വിപ്ലവകരമായ ഒരു രീതിയാണ് ദുല്‍ഖര്‍ മലയാളത്തില്‍ നടപ്പിലാക്കുന്നത്. ഹോളിവുഡില്‍ സിനിമയ്ക്കു പ്രതിഫലമായി നിശ്ചയിച്ച തുകയ്ക്കും അപ്പുറം ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ്, ഓണ്‍ലൈന്‍ സ്ട്രീമിങ്, ഓവര്‍സീസ് അവകാശം, റി-റിലീസ് തുടങ്ങി ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാ വ്യവസായങ്ങളുടെയും പങ്ക് തൊഴിലാളികള്‍ക്കു ലഭിക്കുന്നു. അത് കേവലം അവര്‍ക്കു നല്‍കുന്ന ദാനമല്ല മറിച്ച് തൊഴിലാളി യൂണിയനുകള്‍ അടക്കമുള്ളവരുടെ ഇടപെടല്‍ കൊണ്ട് നിയമപരമായി ഉറപ്പുവരുത്തിയ അവകാശം കൂടിയാണ്.

നടന്‍ ആര്‍ മാധവന്‍ ഇതേ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ പ്രസക്തമാണ്. താനൊരു ഹോളിവുഡ് നടന്‍ ആയിരുന്നെങ്കില്‍ ത്രീ ഇഡിയറ്റ്‌സ്, റംഗ് ദേ ബസന്തി, തനു വെഡ്‌സ് മനു എന്നീ മൂന്ന് സിനിമകള്‍ കൊണ്ട് മാത്രം തന്റെ വരുംതലമുറകള്‍ക്കു പോലും ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നെന്നാണ് മാധവന്‍ പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ അതിനുള്ള യാതൊരു സാധ്യതയും ഉറപ്പ് ലഭിക്കുന്നില്ല. ഒരു പ്രമുഖ താരത്തിന്റെ അവസ്ഥ തന്നെ ഇങ്ങനെയാണെങ്കില്‍ സിനിമയ്ക്കു പിന്നില്‍ ഉറക്കം പോലും ത്യജിച്ചു കഷ്ടപ്പെടുന്ന സാങ്കേതിക തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യവും മാധവന്‍ ഉന്നയിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ തീരുമാനം ഇന്ത്യന്‍ സിനിമയില്‍ വലിയൊരു മാറ്റത്തിനു ആരംഭമായേക്കാം.

Related Posts