Homepage Featured Kerala News

സ്വര്‍ണ്ണപ്പാളി തട്ടിപ്പ്: ചെന്നൈയിലെ ചടങ്ങിൽ ജയറാമും വീരമണിയും; 2019ലെ ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത്. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിന് എത്തിയതെന്നും കൂടുതൽ വിവരങ്ങൾ തനിക്കറിയില്ലെന്നും ജയറാം പ്രതികരിച്ചു.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതില്‍ നിര്‍മിച്ചിരിക്കുന്നത്. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയില്‍ സമര്‍പ്പിക്കാന്‍ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതില്‍ നിര്‍മിക്കുകയായിരുന്നു. ആന്ധ്രയില്‍ തന്നെയായിരുന്നു വാതിലിന്റെ നിര്‍മാണം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച ശേഷമാണ് സ്വര്‍ണം പൂശിയത്. ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടു തൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്.അമ്പത്തൂരിലെ ഫാക്ടറിയിൽ വെച്ചായിരുന്നു ചടങ്ങ്.പൂജ തന്റെ വീട്ടിൽ അല്ലായിരുന്നെന്നും പൂജയ്ക്കു ശേഷം ചില ഭാഗങ്ങൾ തന്റെ വീട്ടിലെത്തിച്ചു എന്നുമാണ് ജയറാം പറയുന്നത്.

ശബരിമലയുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് വിവരം. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വര്‍ണ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നിര്‍മാണത്തിന് ശേഷം ചെന്നൈയില്‍ വെച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. നടന്‍ ജയറാമിനൊപ്പം ഗായകൻ വീരമണിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം ശബരിമലയിലെ ദ്വാരപാലക വിഗ്രഹം 1998 ൽ സ്വർണ്ണം പൊതിഞ്ഞതും 2019 മുതൽ വീണ്ടും സ്വർണ്ണം പൂശിയതുമായും ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് നടപടികളിലെ വീഴ്ചയും അഴിമതിയും കണ്ടെത്തി ഉത്തരവാദികളെ ശിക്ഷിക്കുന്നതിനായി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേരള ഹൈക്കോടതിയോട് തന്ത്രി മണ്ഡലം അഭ്യർത്ഥിച്ചു. 2018 മുതൽ 2025 വരെ തിരുവിതാംകൂർ ദേവസ്വം ഭരിച്ചിരുന്ന പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ, ദേവസ്വം കമ്മിഷണർമാർ, തിരുവാഭരണം കമ്മീഷണർമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ആഫീസർമാർ എന്നിവരെ ഉണ്ണികൃഷ്ണ‌ൻ പോറ്റിയോടൊപ്പം കൂട്ടു പ്രതികളാക്കി കേസ് മുന്നോട്ട് കൊണ്ടുപോയി കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ഈ കാലയളവിലെ ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യം കണ്ട്കെട്ടണമെന്നും തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.

Related Posts