1967 ഒക്ടോബര്‍ 27 നു ആലുവയില്‍ ജനിച്ച ഗോപാലകൃഷ്ണന്‍ പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി. ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ചിലപ്പോഴൊക്കെ അതിനേക്കാള്‍ മുകളിലും പ്രേക്ഷകരെ സ്വന്തമാക്കിയ നടന്‍ ദിലീപ് 58-ാം വയസ്സിലേക്ക് കടക്കുകയാണ്.
സിനിമ പോലെ അപ്രതീക്ഷിത ട്വിസ്റ്റുകളടങ്ങിയ ജീവിതമാണ് ദിലീപിന്റേത്. മിമിക്രിയിലൂടെ സിനിമയിലെത്തിയ ദിലീപ് ചെറിയ വേഷങ്ങളില്‍ തിളങ്ങുകയും പിന്നീട് നായകനടനാകുകയും ചെയ്തു. ആലുവ സ്വദേശികളായ പത്മനാഭന്‍ പിള്ളയുടെയും സരോജത്തിന്റെയും മൂത്ത മകനായ ഗോപാലകൃഷ്ണന്‍ സിനിമയിലേക്ക് എത്തിയപ്പോള്‍ ദിലീപ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
‘എന്നോടിഷ്ടം കൂടാമോ’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സൈന്യം, മാനത്തെ കൊട്ടാരം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലേക്ക് ദിലീപിനെ സജസ്റ്റ് ചെയ്തത് മമ്മൂട്ടിയാണ്. ജയറാം ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു ഇത്.
കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിലീപ് ആദ്യമായി നായകനാകുന്നത്. ‘സല്ലാപം’, ‘ഈ പുഴയും കടന്ന്’ എന്നീ ചിത്രങ്ങളിലൂടെ ദിലീപ് മലയാളികള്‍ക്കു പ്രിയങ്കരനായി. ഈ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചത് മഞ്ജു വാരിയര്‍ ആണ്. അങ്ങനെയാണ് ദിലീപും മഞ്ജുവും പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും മഞ്ജുവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായി അന്ന് വാര്‍ത്തകളുണ്ടായിരുന്നു. 1998 ഒക്ടോബര്‍ 20 നായിരുന്നു ദിലീപ്-മഞ്ജു താരവിവാഹം.
താരമെന്ന നിലയില്‍ ദിലീപ് വളരുന്നത് ഈ പറക്കും തളികയുടെ വമ്പന്‍ വിജയത്തിനു ശേഷമാണ്. പിന്നീട് മീശമാധവന്‍, സിഐഡി മൂസ, കുഞ്ഞിക്കൂനന്‍, റണ്‍വെ, കല്യാണരാമന്‍, തിളക്കം, വെട്ടം, കൊച്ചി രാജാവ്, പാണ്ടിപ്പട, ചാന്തുപൊട്ട്, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകള്‍ ദിലീപിന്റെ താരമൂല്യം വര്‍ധിപ്പിച്ചു.
താരസംഘടനയായ ‘അമ്മ’ എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിനു മുന്‍കൈ എടുത്തത് ദിലീപ് ആണ്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന ‘ട്വന്റി 20’ ദിലീപ് നിര്‍മിച്ചു. ഈ സിനിമ വലിയ വിജയമാകുകയും ചെയ്തു.
മഞ്ജു വാരിയറുമായുള്ള ബന്ധം ദിലീപ് നിയമപരമായി വേര്‍പ്പെടുത്തുന്നത് 2014 ലാണ്. ഇരുവരും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും വേര്‍പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നു. ഈ ബന്ധത്തില്‍ മീനാക്ഷി എന്നൊരു മകളുണ്ട്. അച്ഛനായ ദിലീപിനൊപ്പമാണ് മീനാക്ഷി താമസിക്കുന്നത്.
2016 നവംബര്‍ 25 നു ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു. കാവ്യയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ദിലീപും കാവ്യയും തമ്മില്‍ 17 വയസ്സിന്റെ വ്യത്യാസമുണ്ട്. ദിലീപിനും കാവ്യയ്ക്കും 2018 ല്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു. മഹാലക്ഷ്മി എന്നാണ് കുട്ടിയുടെ പേര്.
ദിലീപ്-കാവ്യ വിവാഹം അപ്രതീക്ഷിതമായിരുന്നു. താലിക്കെട്ട് നടക്കുന്നതിനു തൊട്ടുമുന്‍പാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇക്കാര്യം അറിഞ്ഞത്. കാവ്യയുടെ ആദ്യ വിവാഹബന്ധം തകര്‍ന്നത് താന്‍ കാരണമാണെന്ന് പലരും പറഞ്ഞു പരത്തിയിരുന്നെന്നും അതില്‍ മനോവിഷമം ഉണ്ടായിരുന്നെന്നും ദിലീപ് പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. താന്‍ രണ്ടാമതൊരു കല്യാണത്തെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ആണ് കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ദിലീപ് പറയുന്നു. കാവ്യയുമായുള്ള വിവാഹത്തെ കുറിച്ച് മകള്‍ മീനാക്ഷിയോട് പറഞ്ഞു. മീനാക്ഷി നൂറ് ശതമാനം ദിലീപിനെ പിന്തുണയ്ക്കുകയായിരുന്നു. കാവ്യയുടെ അമ്മ ആദ്യം ഈ ബന്ധത്തെ എതിര്‍ക്കുകയും പിന്നീട് വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാന്‍ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും ദിലീപ് ഈ അഭിമുഖത്തില്‍ പറയുന്നു.
ദിലീപിന്റെ വ്യക്തി ജീവിതത്തിലെ തീരാകളങ്കമാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസ്. ഈ കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.
ഒരുകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആസ്തി ഉണ്ടായിരുന്ന നടന്‍ ദിലീപ് ആണ്. നിര്‍മാണ രംഗത്തേക്ക് കൂടി എത്തിയതോടെ ദിലീപ് സിനിമയില്‍ നിന്ന് പണംവാരി. ഏതാണ്ട് 600 കോടി രൂപയുടെ ആസ്തി താരത്തിനുണ്ടെന്നാണ് ഒരിക്കല്‍ മനോരമ റിപ്പോര്‍ട്ട് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് വ്യാപാരം, തിയറ്റര്‍ ഉടമ, ഹോട്ടല്‍ വ്യവസായം, കാവ്യയുടെ ഉടമസ്ഥതയിലുള്ള ബൊട്ടീക് തുടങ്ങി സിനിമാ അഭിനയത്തിനു പുറമേ ഒട്ടേറെ വഴികളിലൂടെയും ദിലീപ് പണം സമ്പാദിക്കുന്നുണ്ട്.
















