ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടിരൂപയുടെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ഉന്നതതല സമിതിയുടെ യോഗത്തിലാണ് ധനസഹായത്തിനുള്ള അനുമതി നൽകിയത്.
കേരളവും അസാമും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണത്തിനായി നാലായിരം കോടിയിലധികം രൂപയാണ് സമിതി അനുവദിച്ചിരിക്കുന്നത്. 2221 കോടി രൂപയാണ് കേരളം വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ലഭിച്ചത് 260.56 കോടിയാണ്. അതേസമയം ബിജെപി ഭരണത്തിലുള്ള അസമിന് 1270 കോടി അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ തിരുവനന്തപുരം ഉൾപ്പടെ രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനായും ബുധനാഴ്ച ചേർന്ന ഉന്നത തല സമിതി യോഗത്തിൽ തുക നീക്കിവച്ചിട്ടുണ്ട്. അർബൻ ഫ്ളഡ് റിസ്ക് മാനേജ്മെന്റ് പ്രോഗ്രാം എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ തുക നീക്കി വെച്ചിരിക്കുന്നത്. 2,444 കോടിരൂപയുടെ പദ്ധതിയിൽ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. എത്ര രൂപയാണ് തിരുവനന്തപുരത്തിനായി നീക്കിവച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.
















