Finance Personal Finance

രണ്ട് പെൺകുട്ടികളുണ്ടെങ്കിൽ രണ്ട് സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുമോ?

കേന്ദ്രസർക്കാരിന്റെ സുകന്യ സമൃദ്ധി യോജന (SSY) പദ്ധതി ഈ വർഷം 10-ാം വർഷത്തിലേക്ക് കടക്കുകയാണ്. 2024 നവംബർ വരെ 4.1 കോടിയിലധികം സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് പിഐബിയുടെ പ്രസ്താവനയിൽ പറയുന്നു. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ കാമ്പെയ്‌നിന്റെ ഭാഗമായി 2015 ജനുവരിയിൽ ആരംഭിച്ച ഈ പദ്ധതി, മാതാപിതാക്കൾക്ക് പെൺമക്കളുടെ ഭാവിക്കായി നിക്ഷേപിക്കാനും അവർക്ക് നല്ലൊരു ജീവിതം നേടിക്കൊടുക്കാനും സഹായിക്കുന്നതാണ്.

ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 8.2 ശതമാനമാണ് നിലവിൽ പദ്ധതിയുടെ പലിശ നിരക്ക്. പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ സാധിക്കും. ഒരു കുടുംബത്തിന് എത്ര കുട്ടികൾക്ക് അക്കൗണ്ട് തുറക്കാൻ കഴിയും എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്.

സുകന്യ സമൃദ്ധി യോജന: പ്രധാന സവിശേഷതകൾ

10 വയസ് വരെയുള്ള പെൺകുട്ടികൾക്കായി നിയമപരമായ ഒരു രക്ഷിതാവിന് സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ തുറക്കാൻ കഴിയും. കുട്ടിക്ക് 18 വയസ് തികയുന്നതുവരെ ഈ അക്കൗണ്ടുകൾ രക്ഷിതാവിന്റെ നിയന്ത്രണത്തിലായിരിക്കും. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ഒരു കുടുംബത്തിന് എത്ര അക്കൗണ്ടുകൾ തുറക്കാം?

ഒരു കുടുംബത്തിന് പരമാവധി രണ്ട് പെൺകുട്ടികൾക്ക് എസ്‌എസ്‌വൈ അക്കൗണ്ടുകൾ തുറക്കാൻ കഴിയും. രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടകളോ മൂന്നു പെൺകുട്ടികളോ ജനിച്ചാൽ, എല്ലാവരുടെ പേരിലും അക്കൗണ്ട് തുറക്കാം. എന്നാൽ, ആദ്യ പ്രസവത്തിൽ ഒന്നിലധികം പെൺകുട്ടികൾ ജനിച്ചിട്ടുണ്ടെങ്കിൽ, അടുത്ത പ്രസവത്തിൽ ഇരട്ടകളോ മൂന്ന് കുട്ടികളോ ആണെങ്കിൽ പോലും, അധിക അക്കൗണ്ടുകൾ തുറക്കാൻ കഴിയില്ല.

Related Posts