ആർബിഐയുടെ പണനയം ബുധനാഴ്ച്ച പുറത്തുവന്നപ്പോൾ റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോറേറ്റ് 5.5 ശതമാനമായി തന്നെ തുടരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയതിനു ശേഷമുള്ള ആദ്യത്തെ പണനയ രൂപീകരണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വന്നത്. തുടർച്ചയായി രണ്ടാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.
ഓഗസ്റ്റിൽ പുറത്തു വന്ന പണനയത്തിനു സമാനമായി ആർബിഐയുടെ പണനയം ഇത്തവണയും ന്യൂട്രൽ ആയി നിലനിർത്തിയപ്പോൾ രാജ്യത്ത് ജിഡിപി വളർച്ചാനിരക്ക് 6.8 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഫെബ്രുവരി മുതൽ റിപ്പോ റേറ്റുകൾ തുടർച്ചയായി കുറഞ്ഞാണ് 5.5 ൽ എത്തിയിരുന്നത്. ഫെബ്രുവരിയിൽ ഇത് 6.5 ആയിരുന്നു. ഫെബ്രുവരിയിലും ഏപ്രിലും ജൂണിലുമായി മൂന്ന് ഘട്ടങ്ങളിലായാണ് റിപ്പോ റേറ്റ് ഒരു ശതമാനം കുറച്ചത്.
രാജ്യത്ത് ജി.എസ്.ടി പരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്. ദൈനംദിന ഉപഭോഗ വസ്തുക്കളുടെ നികുതിയിൽ കാതലായ മാറ്റം വരുത്തിയതായിരുന്നു പരിഷ്കരണം. അതേസമയം ആഡംബര വസ്തുക്കളിൽ നികുതി കൂട്ടിയിട്ടുണ്ട്. ഈ പാശ്ചാത്തലത്തിൽ കൂടിയാണ് പണനയ രൂപീകരണ സമിതിയുടെ തീരുമാനം പ്രസക്തമാകുന്നത്.
ചരക്ക് സേവന നികുതിയിൽ വരുത്തിയ പരിഷ്കാരം പണപ്പെരുപ്പത്തിൽ കുറവു വരുത്തുമെന്നും രാജ്യത്തിന്റെ വളർച്ചയുടെ വേഗം കൂട്ടുമെന്നും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശനിരക്കായ റിപ്പോ റേറ്റിലുള്ള വ്യത്യാസം സാധാരണക്കാർക്ക് ലഭിക്കുന്ന വായ്പാ പലിശയിലും മാറ്റമുണ്ടാക്കും. റിപ്പോ റേറ്റുകൾക്ക് ഫെബ്രുവരി മുതൽ കുറവു വന്നതോടെ രാജ്യത്തെ ബാങ്കുകളും വായ്പകൾക്ക് പലിശനിരക്ക് കുറച്ചിരുന്നു. പണനയ സമിതിയിലെ മുഴുവൻ അംഗങ്ങളും ഐകകണ്ഠേനെയാണ് തീരുമാനത്തിനനുകൂലമായി വോട്ടു ചെയ്തത്.
















