കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 87000 എന്ന സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ് കേരളത്തിൽ സ്വർണത്തിന്റെ വില. ഇന്ന് മാത്രം ഗ്രാമിന് വർധിച്ചത് 110 രൂപയാണ്. ഇതോടെ ഗ്രാമിന്റെ വില 10,875 രൂപയിലെത്തി. ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ സ്വർണ വില കുതിച്ചുയർന്ന മാസമായിരുന്നു സെപ്റ്റംബർ. ഓക്ടോബറിലേക്ക് എത്തുമ്പോഴും ആദ്യ ദിനം തന്നെ സ്വർണം ഞെട്ടിച്ചിരിക്കുകയാണ്.
ആഗോള തലത്തിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ക്കൊപ്പം ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ വര്‍ധിച്ചതും സ്വർണവിലയിൽ പ്രതിഫലിക്കുന്നതാണ് കാണുന്നത്. ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയും ഇക്കാലയളവില്‍ വര്‍ധിച്ചു. ബാങ്കുകളും ജ്വല്ലറികളും ഇന്‍വെന്ററികള്‍ ശേഖരിക്കാനും ഇറക്കുമതിക്ക് മേലുള്ള ഉയര്‍ന്ന നികുതി ഒഴിവാക്കാനും തിടുക്കം കാട്ടിയതോടെ, സെപ്റ്റംബറില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ, വെള്ളി ഇറക്കുമതി ഇരട്ടിയായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞത് ആശ്വസമായിരുന്നെങ്കിലും ബുധനാഴ്ച വീണ്ടും വർധിക്കുകയായിരുന്നു. ഗ്രാമിന് 130 രൂപ വർധിച്ച് 10,845 രൂപയും പവന് 1,040 ഉയർന്ന് 86,760 രൂപയുമായിരുന്നു വില. ഇന്നലെ ഉച്ചയ്ക്ക് ഇത് ഗ്രാമിന് 80 രൂപ കുറഞ്ഞ് വില 10,765 രൂപയായി. 640 രൂപ താഴ്ന്ന് 86,120 രൂപയിലാണ് ഉച്ചയ്ക്കുശേഷം പവന്റെ വ്യാപാരം. ഉച്ചയ്ക്കു വില കുറഞ്ഞത് രാവിലെ സ്വർണം വാങ്ങിയവർക്ക് വൻ തിരിച്ചടിയായി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി ഈ ആഴ്ചയിലെ സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിക്കാന്‍ കാരണമാകും. അതേസമയം പ്രധാന ഉപഭോക്താക്കളായ ചൈനയില്‍ ഡിമാന്‍ഡ് കുറയുകയാണ്. എന്നിരുന്നാലും, ഇറക്കുമതിയിലെ കുതിച്ചുചാട്ടം ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും ദുര്‍ബലമായ രൂപയുടെ മൂല്യത്തെ ബാധിക്കുകയും ചെയ്യും.
















