ഏഷ്യ കപ്പിലെ മികച്ച പ്രകടനം കൊണ്ടും മലയാളി താരം സഞ്ജു സാംസണ് 2026 ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് അനായാസം പ്രവേശിക്കില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടോപ് ഓര്‍ഡറില്‍ അതിശക്തമായ മത്സരം തുടരുന്നതിനാല്‍ സഞ്ജുവിനു ഏത് പൊസിഷന്‍ നല്‍കുമെന്ന ആശങ്കയാണ് താരത്തിന്റെ ട്വന്റി 20 ലോകകപ്പ് സ്വപ്നങ്ങള്‍ക്കു വിലങ്ങുതടിയാകുന്നത്.
ഓപ്പണിങ്ങോ വണ്‍ഡൗണോ ഇറങ്ങേണ്ട താരമാണ് സഞ്ജു. ശുഭ്മാന്‍ ഗില്ലിനും സൂര്യകുമാര്‍ യാദവിനും വേണ്ടി ഏഷ്യ കപ്പില്‍ ഈ രണ്ട് പൊസിഷനുകളും സഞ്ജുവിനു ത്യജിക്കേണ്ടിവന്നു. പകരം ഇറങ്ങിയ അഞ്ചാം നമ്പറില്‍ (ടീം ലിസ്റ്റ് പ്രകാരം) മലയാളി താരം മികച്ച പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ ഈ മാനദണ്ഡത്തില്‍ മാത്രം സഞ്ജുവിനു ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നുകൊടുക്കാന്‍ ബിസിസിഐ ഒരുക്കമല്ല.
ഏഷ്യ കപ്പില്‍ നാല് ഇന്നിങ്സുകളില്‍ നിന്ന് 124.53 സ്ട്രൈക് റേറ്റില്‍ 132 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടുകയും കളിയിലെ താരമാകുകയും ചെയ്തു. റണ്‍വേട്ടക്കാരില്‍ സഞ്ജു ഒന്‍പതാമനാണ്. കണക്കുകളില്‍ ആധിപത്യം ഉണ്ടെങ്കിലും ബാറ്റിങ് പൊസിഷന്‍ എന്ന കടമ്പയില്‍ തട്ടിയാണ് സഞ്ജുവിന്റെ ട്വന്റി 20 ഭാവി ചോദ്യചിഹ്നമായി തുടരുന്നത്. നിലവില്‍ ഇന്ത്യക്ക് ആവശ്യം വിശ്വസ്തനായ അതേസമയം അപകടകാരിയായ അഞ്ചാം നമ്പര്‍ ബാറ്ററെയാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക പോലെയുള്ള നമ്പന്‍ ടീമുകള്‍ക്കെതിരെ അതിനിര്‍ണായകമായ ബാറ്റിങ് പൊസിഷന്‍. ഏഷ്യ കപ്പില്‍ സഞ്ജുവിനെയാണ് ഈ പൊസിഷനിലേക്ക് ട്രൈ ചെയ്തതെങ്കിലും താരതമ്യേന ദുര്‍ബലരായ ടീമുകളെ മാത്രമേ ഇന്ത്യക്ക് നേരിടേണ്ടി വന്നിട്ടുള്ളൂ.
ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള, അങ്ങേയറ്റം അപകടകാരി കൂടിയായ ജിതേഷ് ശര്‍മ നില്ക്കുമ്പോള് ട്വന്റി 20 ലോകകപ്പില്‍ സഞ്ജുവിനു അഞ്ചാം നമ്പര്‍ കിട്ടുമോ എന്നത് വലിയൊരു ചോദ്യമാണ്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ നിന്ന് 176.35 സ്ട്രൈക് റേറ്റില്‍ 261 റണ്‍സ് അടിച്ചുകൂട്ടിയ താരമാണ് ജിതേഷ്. രാജ്യാന്തര ട്വന്റി 20 യില്‍ ഇന്ത്യക്കായി ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 147.06 സ്ട്രൈക് റേറ്റില്‍ 100 റണ്‍സ് നേടിയിട്ടുമുണ്ട്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഫിനിഷര്‍ റോളില്‍ സഞ്ജുവിനേക്കാള്‍ ആധിപത്യം ജിതേഷിനുണ്ട്. അങ്ങനെയൊരു താരത്തെ പുറത്ത് നിര്‍ത്തി സഞ്ജുവിനു അഞ്ചാമതോ ആറാമതോ ആയി പ്ലേയിങ് ഇലവനില്‍ അവസരം നല്കുന്ന കാര്യം സംശയമാണ്.
അതേസമയം ഏഷ്യ കപ്പില്‍ അത്ര മികച്ച പ്രകടനം നടത്താതിരുന്ന ശുഭ്മാന്‍ ഗില്ലിനു പകരം സഞ്ജു ഓപ്പണറായി എത്തുകയെന്ന സാധ്യതയാണ് അല്‍പ്പമെങ്കിലും പ്രതീക്ഷവയ്ക്കാവുന്നത്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഗില്‍ വേണമെന്ന ബിസിസിഐയുടെ പിടിവാശി അവിടെയും സഞ്ജുവിന്റെ ഭാഗ്യക്കേടാകുന്നു.
















