ചെന്നൈ: തെന്നിന്ത്യൻ സിനിമ താരവും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ് പങ്കെടുത്ത കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ നടനെതിരെ പോസ്റ്ററുകൾ ഉയർന്നു. തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയ്‌യുടെ ചിത്രത്തോടെയുള്ള പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. കൊലയാളിയായ വിജയ്‌യെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററാണ് കരൂര്‍ നഗരത്തിലാകെ പതിച്ചിരിക്കുന്നത്. എന്നാൽ വിജയ്‌ക്കെതിരായ പോസ്റ്ററുകൾക്ക് പിന്നിൽ ഡിഎംകെയും സെന്തിൽ ബാലാജിയും ആണെന്നാണ് ടിവികെ ആരോപിക്കുന്നത്.
അതേസമയം വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജയ്‍യുടെ വീടിന് ബോംബ് ഭീഷണി വന്നതിനെ തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയിൽ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്.
ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഒരു കമ്മീഷനെ നിയമിച്ചു. വിരമിച്ച ജസ്റ്റിസ് അരുണ ജഗദീശനാണ് കമ്മീഷന്റെ അധ്യക്ഷ. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെയും കൂട്ടാളികളുടെയും സ്വത്തുമായി ബന്ധപ്പെട്ട കേസുകൾ, 2018 -ൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമം, വേലച്ചേരിയിലെ വ്യാജ ഏറ്റുമുട്ടൽ തുടങ്ങിയ പ്രമാദമായ പല അന്വേഷണ കമ്മീഷനുകൾക്ക് അരുണ ജഗദീശൻ നേതൃത്വം നൽകിയിട്ടുണ്ട്.
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ദുരന്തവുമായി ബന്ധപ്പെട്ട് വസ്തുതകളല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എംകെ സ്റ്റാലിൻ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
അതേസമയം കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ പരാമര്‍ശം ഉണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നം എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്.
















