Tilak Varma: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ രക്ഷകനായി തിലക് വര്‍മ. ട്വന്റി 20 ഫോര്‍മാറ്റില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന തലകിനു ഇത്തവണ ഏഷ്യ കപ്പില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടിവന്നു. എന്നിട്ടും ടീമിനു വേണ്ടി സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ തിലകിനു സാധിച്ചു.
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ പ്രതിരോധത്തിലായി. 2.3 ഓവറില്‍ 10-2 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് തിലക് വര്‍മ ക്രീസിലെത്തിയത്. തൊട്ടുപിന്നാലെ ശുഭ്മാന്‍ ഗില്ലും പുറത്തായി. ഇന്ത്യ 20-3 എന്ന നിലയിലേക്കും. എന്നാല്‍ ഇതിലൊന്നും പതറാതെ ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിക്കുകയാണ് തിലക് വര്‍മ ചെയ്തത്.
53 പന്തുകള്‍ നേരിട്ട തിലക് വര്‍മ മൂന്ന് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 69 റണ്‍സ് നേടി ഇന്ത്യയെ ജയിപ്പിച്ചു. തിലക് വര്‍മ തന്നെയാണ് കളിയിലെ താരം. വെറും 22 വയസാണ് തിലക് വര്‍മയുടെ പ്രായം. എന്നാല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഏറെ പരിചയസമ്പത്തുള്ള താരത്തെ പോലെയാണ് തിലക് ഓരോ പന്തും നേരിട്ടത്. തന്റെ വിക്കറ്റ് ഏറെ പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കിയ തിലക് സിംഗിളുകളും ഡബിളുകളുമായി സ്‌ട്രൈക് മാറി കളി മുന്നോട്ടു കൊണ്ടുപോയി. ഇതിനിടെ മോശം പന്തുകളെ പ്രഹരിക്കാനും മടിച്ചില്ല.
ഏഷ്യ കപ്പില്‍ ആറ് ഇന്നിങ്‌സുകളിലായി 71 ശരാശരിയില്‍ 213 റണ്‍സ് നേടിയ തിലക് റണ്‍വേട്ടക്കാരില്‍ നാലാമനാണ്. ആദ്യ പത്തില്‍ 50 നു മുകളില്‍ ശരാശരിയുള്ള ഏകതാരവും തിലക് തന്നെ.
31 പന്തില്‍ 31, 18 പന്തില്‍ 29, 19 പന്തില്‍ പുറത്താകാതെ 30, ഏഴ് പന്തില്‍ അഞ്ച്, 34 പന്തില്‍ പുറത്താകാതെ 49 എന്നിങ്ങനെയാണ് ഏഷ്യ കപ്പില്‍ തിലകിന്റെ മറ്റു വ്യക്തിഗത സ്‌കോറുകള്‍. ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ ട്വന്റി 20 ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുകയാണ് തിലക്. ഇടംകൈയന്‍ ബാറ്ററാണെന്നതും പാര്‍ട് ടൈം ബൗളറാണെന്നതും തിലകിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
















