Cricket Homepage Featured Sports

Asia Cup 2025: ഇന്ത്യ കപ്പ് സ്വീകരിച്ചില്ല, ട്രോഫിയും കൊണ്ട് പാക് മന്ത്രി ഹോട്ടല്‍ മുറിയിലേക്ക്; വിവാദം

ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ മത്സരത്തിനു പിന്നാലെ ‘കപ്പ് വിവാദം’. കിരീട ജേതാക്കളായ ഇന്ത്യ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വിവാദങ്ങള്‍ തുടങ്ങിയത്.

പാക്കിസ്ഥാന്റെ ആഭ്യന്തരമന്ത്രി കൂടിയാണ് നഖ്വി. ഫൈനലില്‍ ജയിച്ചാല്‍ എസിസി (ഏഷ്യല്‍ ക്രിക്കറ്റ് കൗണ്‍സില്‍) പ്രസിഡന്റില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നേരത്തെ നിലപാടെടുത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് പാക് മന്ത്രിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തത്.

മത്സരശേഷം ഒന്നരമണിക്കൂറോളം അനിശ്ചിതത്വം തുടര്‍ന്നു. നഖ്വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു. എന്നാല്‍ താന്‍ തന്നെ കിരീടം സമ്മാനിക്കുമെന്നായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്. ഇതേ തുടര്‍ന്ന് മാച്ച് പ്രസന്റേഷന്‍ ചടങ്ങ് ആരംഭിക്കാന്‍ വൈകി.

തിലക് വര്‍മ, കുല്‍ദീപ് യാദവ്, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ സ്‌പോണസര്‍മാരുടെ കൈയില്‍ നിന്ന് വ്യക്തിഗത ട്രോഫികള്‍ ഏറ്റുവാങ്ങി. അതിനുശേഷമാണ് വിജയിച്ച ടീമിനുള്ള മെഡലുകളും കിരീടവും നല്‍കേണ്ടിയിരുന്നത്. നഖ്വിയാണ് മെഡലും കിരീടവും നല്‍കുന്നതെന്ന് മനസിലായ ഇന്ത്യന്‍ താരങ്ങള്‍ വേദിയിലേക്ക് എത്തിയില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാമില്‍ നിന്ന് റണ്ണേഴ്സ് അപ്പ് കിരീടം പാക്കിസ്ഥാന്‍ ഏറ്റുവാങ്ങി. എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അമിനുള്‍ ഇസ്ലാം എന്നിവര്‍ ചേര്‍ന്ന് ഇന്ത്യക്ക് കിരീടം നല്‍കാമെന്ന ധാരണയിലേക്ക് എത്തിയെങ്കിലും മൊഹ്സിന്‍ നഖ്വി അതിനു സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം മാച്ച് പ്രസന്റേഷനു പിന്നാലെ നഖ്വിയുടെ നിര്‍ദേശപ്രകാരം ഏഷ്യ കപ്പ് ജേതാക്കള്‍ക്കുള്ള കിരീടം ഹോട്ടല്‍ മുറിയിലേക്കു കൊണ്ടുപോയി. ഇത് ഇന്ത്യയെ പ്രകോപിപ്പിച്ചു. നഖ്വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് മാത്രമാണ് തങ്ങളുടെ നിലപാടെന്നും അതിനര്‍ത്ഥം കിരീടം വേണ്ട എന്നല്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ പറഞ്ഞു. ‘ എസിസി ചെയര്‍മാനില്‍ നിന്ന് കിരീടം വാങ്ങില്ലെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. കാരണം അദ്ദേഹം പാക്കിസ്ഥാനിലെ സുപ്രധാന രാഷ്ട്രീയ നേതാവ് കൂടിയാണ്. അയാളില്‍ നിന്ന് കിരീടം വാങ്ങില്ലെന്നാണ് പറഞ്ഞത്, അതിനര്‍ത്ഥം കിരീടം അദ്ദേഹത്തിനു കൊണ്ടുപോകാം എന്നല്ല. മെഡലുകളും കിരീടവും ഇന്ത്യക്കു ഉടന്‍ തിരിച്ചുതരുമെന്ന് പ്രതീക്ഷിക്കുന്നു. എസിസി ചെയര്‍മാന്റെ വിചിത്രമായ നടപടിക്കെതിരെ നവംബറില്‍ ദുബായില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി യോഗത്തില്‍ ഞങ്ങള്‍ പരാതിപ്പെടും,’ ബിസിസിഐ സെക്രട്ടറി പറഞ്ഞു.

Related Posts