പാക്കിസ്ഥാന് താരങ്ങളുടെ അഹന്തയ്ക്കു പലിശ സഹിതം പകരംവീട്ടി ജസ്പ്രിത് ബുംറ. ഏഷ്യ കപ്പ് ഫൈനലില്‍ ഹാരിസ് റൗഫിന്റെ കുറ്റി തെറിപ്പിച്ചാണ് ബുംറയുടെ മധുരപ്രതികാരം. ഫൈനലില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു പാക്കിസ്ഥാനെ തോല്‍പ്പിച്ചു.
സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ പരിഹസിച്ച പാക് പേസര്‍ ഹാരിസ് റൗഫിനെ ഫൈനലില്‍ പുറത്താക്കിയത് ജസ്പ്രിത് ബുംറയാണ്. അതിനുശേഷം ബുംറ നടത്തിയ സെലിബ്രേഷനാണ് ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നതും പാക് ആരാധകരുടെ ഹൃദയം തകര്‍ത്തതും.
പാക്കിസ്ഥാന് ഇന്നിങ്സിന്റെ 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഒരു പെര്‍ഫക്ട് യോര്‍ക്കറിലൂടെ ഹാരിസ് റൗഫിനെ ബൗള്‍ഡ് ആക്കുകയായിരുന്നു ബുംറ. വളരെ ശാന്തമായ രീതിയില്‍ മാത്രം വിക്കറ്റ് നേട്ടം ആഘോഷിക്കാറുള്ള ബുംറ ഇത്തവണയും ശാന്തത കൈവിട്ടില്ല. എന്നാല്‍ കൈ കൊണ്ട് ഒരു ആംഗ്യം കാണിച്ചു. റൗഫിന്റെ ഓഫ് സ്റ്റംപ് തെറിച്ചതും വിമാനം താഴേക്ക് പതിക്കുന്ന ആംഗ്യമാണ് ബുംറ കാണിച്ചത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷവുമായി ബന്ധപ്പെടുത്തി ഫൈറ്റര്‍-ജെറ്റ് സെലിബ്രേഷന് റൗഫ് നടത്തിയിരുന്നു. ഇന്ത്യയെ പരിഹസിക്കാനാണ് റൗഫ് ഇത്തരമൊരു സെലിബ്രേഷന് നടത്തിയത്. അതിനു മറുപടി നല്‍കുകയായിരുന്നു ബുംറ.
നാല് പന്തില്‍ ആറ് റണ്‍സെടുത്താണ് റൗഫ് പുറത്തായത്. ബുംറയുടെ യോര്‍ക്കറിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന റൗഫിനെയാണ് ഗ്രൗണ്ടില്‍ കണ്ടത്. ബൗളിങ്ങിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ റൗഫിനു സാധിച്ചില്ല. 3.4 ഓവറില്‍ 50 റണ്‍സ് വഴങ്ങി ഏറ്റവും കൂടുതല്‍ ഇക്കോണമിയില്‍ (13.60) തല്ല് വാങ്ങിയ പാക്കിസ്ഥാന് ബൗളറും റൗഫ് തന്നെയാണ്.
















