ദുബായ്: ഏഷ്യാ കപ്പ് ടൂർണമെന്റിൽ കിരീടെ നിലനിർത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. കലാശപോരാട്ടത്തിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പാകിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയ ലക്ഷ്യം ഇന്ത്യ അവസാന ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ 150/5 സ്കോർ നേടുകയായിരുന്നു. തിലക് വർമയുടെയും സഞ്ജു സാംസണിന്റെയും പ്രകടനങ്ങളാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.
53 പന്തുകളിലായി നാല് സിക്സും മൂന്ന് ഫോറും ഉൾപ്പടെ 69 റൺസാണ് തിലക് വർമ നേടിയത്. 13ാം ഓവറിൽ 21 പന്തുകളിലായി സഞ്ജു 24 റൺസ് നേടി. ഇന്നിങ്സിൽ ഒരു സിക്സും രണ്ട് ഫോറും നേടിയ സഞ്ജു പാകിസ്ഥാൻ കളിക്കാരൻ അബ്രാർ അഹ്മദിന്റെ പന്തിൽ ഫർഹാൻ ക്യാച്ച് പിടിച്ചതോടെയാണ് പുറത്തായത്. മത്സരത്തിൽ ശക്തമായി നിലയുറപ്പിച്ച ശിവം ദുബെ 22 പന്തുകളിലായി രണ്ട് സിക്‌സും ഒരു ഫോറും ഉൾപ്പടെ 33 റൺസ് നേടിയെടുത്തു. ദുബെയ്ക്ക് പിന്നാലെ എത്തിയ റിങ്കു സിങ്ങിന്റെ പ്രകടനത്തിലാണ് ഇന്ത്യയുടെ വിജയ റൺസ് സാധ്യമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഓപ്പണർമാരായ ഷഹിബ്സാദ ഫർഹാനും ഫഖർ സമാനും മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 84 റൺസ് അടിച്ചെടുത്ത കൂട്ടുകെട്ട് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുമെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചു. പത്താം ഓവറിൽ ഫർഹാനെ മടക്കി വരുൺ ചക്രവർത്തി ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും ഷഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി തികച്ചിരുന്നു. സമാനെയും കൂടാരം കയറ്റിയത് വരുണാണ്.
ഇതോടെ ഇന്ത്യയുടെ സ്പിൻ കരുത്ത് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത്. ഫർഹാൻ 57 റൺസും സമാൻ 46 റൺസുമെടുത്തപ്പോൾ പിന്നാലെ വന്നവർക്കാർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല. അയൂബ് 14 റൺസിനും നായകൻ സൽമാൻ എട്ട് റൺസിനും ഹുസൈൻ ഒരു റൺസിനും മടങ്ങിയപ്പോൾ മുഹമ്മദ് ഹാരിസ് അക്കൗണ്ട് പോലും തുറന്നില്ല.
മുഹമ്മദ് നവാസ് അഞ്ച് റൺസും ഹാരിസ് റൗഫ് ആറ് റൺസും നേടിയപ്പോൾ ഇന്ത്യയ്ക്കെതിരായ അവസാന മത്സരത്തിൽ ബാറ്റുകൊണ്ട് തിളങ്ങിയ ഷഹീൻ അഫ്രീദി പൂജ്യത്തിന് മടങ്ങി. ഫഹീം അഷ്റഫിനും അക്കൗണ്ട് തുറക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.
















