Homepage Featured Kerala News

എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തുമായി വി ഡി സതീശൻ

തിരുവനന്തപുരം: ഗൾഫ് മേഖലയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് കത്ത് നൽകി. സർവീസ് റദ്ദാക്കലുകൾ കാരണം യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

“യാത്ര മുടങ്ങിയാൽ ജോലി നഷ്ടപ്പെടുന്നവർ ഉൾപ്പെടെ ഇന്ന് തന്നെ വിദേശത്ത് എത്തേണ്ട ആവശ്യമുള്ളവരാണ് യാത്രക്കാരിൽ പലരും. വിമാനത്താവളത്തിൽ എത്തിയ സമയത്താണ് ഇവർ വിമാനം റദ്ദാക്കിയ വിവരം പോലും അറിയുന്നത്. മണിക്കൂറുകളോളം കാത്തിരുന്നത് നിരവധി പേരാണ്. അവർക്ക് താമസമോ, ഭക്ഷണമോ ഒരുക്കാൻ എയർ ഇന്ത്യ അധികൃതർ തയ്യാറാകുന്നുമില്ല. താങ്ങാനാകാവുന്ന ബജറ്റിൽ നേരിട്ട് എത്താവുന്ന യാത്രാ മാർഗങ്ങളായ ഈ വിമാനങ്ങളെ കാര്യമായി ആശ്രയിച്ചിരുന്ന നിരവധിയാളുകളുണ്ട് കേരളത്തിൽ,” വി ഡി സതീശൻ കത്തിൽ രേഖപ്പെടുത്തി.

സർവീസുകൾ വെട്ടിക്കുറച്ചത് അസൗകര്യം സൃഷ്ടിക്കുക മാത്രമല്ല യാത്രക്കാരെ മറ്റ് സംസ്ഥാനങ്ങളിലൂടെയുള്ള ഇതര റൂട്ടുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്ന സാഹചര്യവും ഉണ്ടാക്കുമെന്നും അങ്ങനെ വന്നാൽ ഉയർന്ന ചെലവുകൾക്കും യാത്രാ സമയത്തിനും കുടുംബങ്ങൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര ഇടപെടണമെന്നും ഗൗരവത്തോടെ പരിഗണിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ രേഖപ്പെടുത്തി.

വിൻറർ ഷെഡ്യൂളിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ വിമാന താവളങ്ങളിലേക്കുള്ള നിരവധി സർവീസുകളാണ് കുറച്ചത്. പ്രത്യേകിച്ച് കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ വിമാന താവളങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ മുതൽ ഡിസംബർ വരെ പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്.

Related Posts