Cricket Lead News Sports

പാണ്ഡ്യയ്ക്ക് പകരം റിങ്കു; പാകിസ്ഥാനെതിരെ ടോസ് ജയിച്ച് ഇന്ത്യ ആദ്യം ബോളിങ്ങിന്

ദുബായ്: ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ച് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കുന്നില്ല. പകരം റിങ്കു സിംഗ് പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചു. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയിട്ടുണ്ട്. 

ഹാർദിക് പാണ്ഡ്യയ്ക്ക് പുറമെ അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരും പുറത്തിരിക്കും. പകരം ജസ്പ്രീത് ബുംറ, ശിവം ദുബെ തുടങ്ങിയവരാണ് ഇന്ത്യയ്ക്കായി പോർക്കളത്തിൽ ഇറങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും ഫൈനലില്‍ വരുന്നത്. അതേസമയം 15 ദിവസത്തിനിടെ ഇരുടീമുകളും തമ്മില്‍ മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 

ഏഷ്യ കപ്പിലെ ഇതുവരെയുള്ള പ്രകടനം കണക്കിലെടുത്താലും പ്ലേയിങ് ഇലവന്‍ നോക്കിയാലും പാക്കിസ്ഥാനുമേല്‍ ഇന്ത്യ ആധിപത്യമുണ്ട്. എന്നാല്‍ ഫൈനലില്‍ അത്ര എളുപ്പത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കാമെന്ന് ഇന്ത്യ കരുതുന്നില്ല. മറുവശത്ത് ഏഷ്യ കപ്പിലെ രണ്ട് തോല്‍വികള്‍ക്കും പലിശ സഹിതം കടംവീട്ടാന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനു വിള്ളലേറ്റ സാഹചര്യത്തില്‍ ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ കേവലം ഒരു ക്രിക്കറ്റ് മത്സരത്തിനു മുകളില്‍ രാഷ്ട്രീയമാനം കൂടിയുള്ളതാണ്.

Related Posts