Homepage Featured India News

17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

ന്യൂഡൽഹി: ലൈം​ഗിക പീഡനക്കേസിൽ ഒളിവിലായിരുന്ന ആൾദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിന്റെ ചെയർമാനായിരുന്നു ചൈതന്യാനന്ദ. ഈ സ്ഥാപനത്തിലെ 17 വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ്.

ചൈതന്യാനന്ദയിൽ നിന്ന് അശ്ലീല വാട്സാപ് സന്ദേശങ്ങൾ വന്നതായും ഇയാൾ അസഭ്യ ഭാഷയിൽ സംസാരിച്ചതായും അനാവശ്യ ശാരീരിക സ്പർശനം നടത്തിയതായും 17 വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരുടേതുൾപ്പെടെ 32 വിദ്യാർഥിനികളുടെ മൊഴിയാണുള്ളത്. മൊഴികളുടെ അടിസ്ഥാനത്തിൽ ലൈം​ഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശനിയാഴ്ച വൈകീട്ട് ആ​ഗ്രയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

കോളേജ് ഉടമസ്ഥനായ ശ്രീ ശൃം​ഗേരി ശാരദാ പീഠത്തിന്റെ അഡ്മിനിസ്ട്രേറ്റർ പി.എ മുരളി ഓ​ഗസ്റ്റ് അഞ്ചിനായിരുന്നു കേസിൽ പരാതി നൽകിയത്. ട്രസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. 122 കോടിയുടെ ക്രമക്കേടാണ് ആരോപിക്കപ്പെടുന്നത്. പീഡനപരാതികളുടേയും കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെയും പാശ്ചാത്തലം ചൂണ്ടിക്കാട്ടി കോളേജിനു നേതൃത്വം നൽകുന്ന ട്രസ്റ്റ് പ്രതിയുമായുള്ള ബന്ധം വിച്ഛേദിച്ച് പ്രസ്താവനയിറക്കിയിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. 28 സ്ഥിരനിക്ഷേപങ്ങളിൽ നിന്നായി എട്ടുകോടി രൂപയായിരുന്നു അക്കൗണ്ടുകളിൽ ഉണ്ടായിരുന്നത്.

യുഎൻ അടയാളങ്ങളോട് കൂടിയ ഒമ്പത് വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകൾ ഉപയോ​ഗിച്ചതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചൈതന്യാനന്ദ തുടർച്ചയായി രൂപവും താവളങ്ങളും മാറ്റി ഓ​ഗസ്റ്റ് മാസം മുതൽ ഒളിവിൽ കഴിയുകയായിരുന്നു. പോലീസിന്റെ അഞ്ചിലധികം സംഘങ്ങളാണ് ഇയാൾക്കായി അന്വേഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

Related Posts