തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ടിവികെ സ്ഥാപക നേതാവും സിനിമ താരവുമായ വിജയിയെ കാണാനാണ് കരൂരില്‍ ജനക്കൂട്ടം ഇരമ്പിയെത്തിയത്. വിജയിയുടെ സിനിമ സ്റ്റൈല്‍ രാഷ്ട്രീയ പ്രസംഗത്തിനിടെ ഒന്നര വയസുകാരന്‍ അടക്കമാണ് ആള്‍ക്കൂട്ടത്തിനിടെ ഞെരിഞ്ഞമ്മര്‍ന്നത്.
സംഘാടനത്തിലെ പാളിച്ചയാണ് ഈ അപകടത്തിനു പ്രധാന കാരണമെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി പത്ത് വരെയാണ് റാലിക്ക് സമയം അനുവദിച്ചിരുന്നത്. രാവിലെ 11 മുതല്‍ റാലിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിതുടങ്ങി. വൈകിട്ട് വിജയ് എത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ വിജയ് എത്തിയത് രാത്രി ഏഴര കഴിഞ്ഞാണ്. അപ്പോഴേക്കും കരൂരില്‍ അരലക്ഷത്തിലേറെ ആളുകള്‍ എത്തിക്കഴിഞ്ഞിരുന്നു. വിജയ് എത്താന്‍ വൈകിയത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. മണിക്കൂറുകളോളം വെള്ളവും ഭക്ഷണവുമില്ലാതെയാണ് ആളുകള്‍ നിന്നത്. ആള്‍ക്കൂട്ടത്തില്‍ ഗര്‍ഭിണികള്‍ പോലും ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
പ്രതീക്ഷിച്ചതിനേക്കാള്‍ അധികം ആളുകള്‍ റാലിക്ക് എത്തിയെന്നും പൊലീസ് പറയുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടി കേഡര്‍മാര്‍ യാതൊന്നും ചെയ്തില്ലെന്നും പൊലീസ് ആരോപിക്കുന്നു. 30,000 പേരെ പ്രതീക്ഷിച്ചിടത്താണ് 60,000 ത്തില്‍ അധികം ആളുകള്‍ എത്തിയത്. ഇത് പൊലീസിനു തലവേദനയായി.
വിജയ് സംസാരിക്കുന്ന വേദിക്ക് മുന്‍പിലായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബാരിക്കേഡുകള്‍ മറികടന്ന് വിജയിക്കരികില്‍ എത്താന്‍ ആളുകള്‍ ശ്രമിച്ചു. ബാരിക്കേഡിലേക്ക് ആളുകള്‍ കൂട്ടമായി ബലംപ്രയോഗിച്ചതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
അപകട വിവരം അറിഞ്ഞിട്ടും വിജയ് പ്രസംഗം തുടര്‍ന്നത് വിവാദങ്ങളുടെ ആക്കം കൂട്ടി. അപകടത്തിനു ഇരയായവരെയും കൊണ്ട് ആംബുലന്‍സ് പോകുമ്പോള്‍ തമാശരൂപേണ വിജയ് കമന്റ് പറഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ‘ആംബുലന്‍സില്‍ എന്താ നമ്മുടെ പാര്‍ട്ടിയുടെ കൊടി’ എന്നാണ് വിജയ് ഈ സമയത്ത് പറഞ്ഞത്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടെന്നു അറിഞ്ഞതോടെയാണ് വിജയ് പ്രസംഗം നിര്‍ത്തി അതിവേഗം ചെന്നൈയിലേക്ക് തിരിച്ചത്. ആശുപത്രി സന്ദര്‍ശിക്കാനോ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കാനോ വിജയ് കരൂരില്‍ വെച്ച് തയ്യാറായില്ല.
















