Cinema Entertainment Homepage Featured

ചാത്തനും ഒടിയനും കൈകോര്‍ക്കുന്ന പുതിയ ലോകം; ലോകഃയുടെ രണ്ടാം ഭാഗം സാധ്യതകള്‍

ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന അപ്‌ഡേറ്റ് എത്തി. ലോകഃയുടെ രണ്ടാം ഭാഗം വരുന്നു. പ്രധാന വേഷത്തില്‍ ടൊവിനോ തോമസ്. നിര്‍മാതാവും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് പ്രഖ്യാപനം നടത്തിയത്. ലോകഃയില്‍ ചാത്തനായി (മൈക്കിള്‍) വേഷമിട്ട ടൊവിനോ തോമസും ഒടിയന്‍ അഥവാ യമന്‍ ആയി വേഷമിട്ട ദുല്‍ഖര്‍ സല്‍മാനും (ചാര്‍ലി) ഒന്നിച്ചുള്ള വീഡിയോയിലൂടെയാണ് ലോകഃ ചാപ്റ്റര്‍ 2 അനൗണ്‍സ് ചെയ്തിരിക്കുന്നത്.

ലോകഃ യൂണിവേഴ്‌സിനു അഞ്ച് ചാപ്റ്ററുകള്‍ ഉണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണ്. ആദ്യം നീലി അഥവാ ചന്ദ്ര, രണ്ടാമത്തേത് ‘ലോകഃ – ചാപ്റ്റര്‍ 2 മൈക്കിള്‍’ എന്നാകാനാണ് സാധ്യത. ഒന്നാം ഭാഗത്തേക്കാള്‍ വലിയ കാസ്‌റ്റോടു കൂടിയായിരിക്കും രണ്ടാം ഭാഗമെത്തുകയെന്ന സൂചനയും ലഭിക്കുന്നുണ്ട്. ടൊവിനോ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ ദുല്‍ഖറിന്റെ ഒടിയന്‍ കഥാപാത്രം കാമിയോ റോളില്‍ എത്താനാണ് സാധ്യത.

രണ്ടാം ചാപ്റ്ററില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ പൂര്‍ണമായി റിവീല്‍ ചെയ്യുമെന്ന് ഉറപ്പാണ്. ചാപ്റ്റര്‍ 2 അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ മമ്മൂട്ടിയുടെ ‘മൂത്തോന്‍’ എന്ന കഥാപാത്രത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ‘മൂത്തോനെയും എന്നെയുമാണ് അവനു വേണ്ടത്’ എന്ന് ടൊവിനോയുടെ കഥാപാത്രം ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തോടു പറയുന്നത് കേള്‍ക്കാം. അതിനാല്‍ തന്നെ രണ്ടാം ചാപ്റ്ററില്‍ മൂത്തോനും ഒരു ഭാഗമായേക്കും.

തനിക്കുള്ള 389 സഹോദരന്‍മാരെ കുറിച്ചും ടൊവിനോയുടെ കഥാപാത്രം പറയുന്നു. അതായത് വേറെ 389 ചാത്തന്‍മാര്‍. മനുഷ്യര്‍ക്കിടയില്‍ ‘ഗുഡ് vs ഇവിള്‍’ കോണ്‍ഫ്‌ളിക്ടിനോടു സമാനമായ രീതിയില്‍ സൂപ്പര്‍ഹീറോസിനു ഇടയിലെ ‘ഗുഡ് vs ഇവിള്‍’ കോണ്‍ഫ്‌ളിക്ട് ആയിരിക്കും രണ്ടാം ചാപ്റ്ററിലെയും പ്രധാന പ്രമേയം. ചാപ്റ്റര്‍ ഒന്നില്‍ കല്യാണി പ്രിയദര്‍ശന്റെ സൂപ്പര്‍ഹീറോ കഥാപാത്രത്തിന്റെ അതേ ശക്തികള്‍ മറ്റൊരു കഥാപാത്രത്തിനും ലഭിക്കുന്നുണ്ട്. എന്നാല്‍ കല്യാണിയുടെ കഥാപാത്രം നന്മയുടെ വശത്തും മറ്റേ കഥാപാത്രം തിന്മയുടെ പ്രതീകവുമായാണ് സിനിമയിലുടനീളം കാണുന്നത്. സമാന രീതിയില്‍ ചാത്തന്‍ vs ചാത്തന്‍മാര്‍ (മൈക്കിള്‍ vs മൈക്കിളിന്റെ സഹോദരങ്ങള്‍) എന്ന കോണ്‍ഫ്‌ളിക്ടിലായിരിക്കും ചാപ്റ്റര്‍ 2 കഥ പറച്ചില്‍. ഈ കോണ്‍ഫ്‌ളിക്ടില്‍ ടൊവിനോയെ സഹായിക്കാന്‍ എത്തുന്നതാണ് ദുല്‍ഖറിന്റെ യമന്‍ അഥവാ ഒടിയന്‍ കഥാപാത്രം.

മൂത്തോന്‍ എന്ന കഥാപാത്രത്തിന്റെ ശബ്ദം മാത്രമാണ് ആദ്യഭാഗത്ത് കേള്‍പ്പിച്ചതെങ്കില്‍ ചാപ്റ്റര്‍ 2 വിലേക്ക് എത്തുമ്പോള്‍ മൂത്തോനെ പൂര്‍ണമായി റിവീല്‍ ചെയ്യാനാണ് സാധ്യത. പിന്നീട് മൂന്നാം ചാപ്റ്ററില്‍ ചാര്‍ലിയെ കുറിച്ചും മൂത്തോനെ കുറിച്ചുമായിരിക്കും പ്രധാനമായും പ്രതിപാദിക്കുക. ‘നിന്നെ കുറിച്ചും ഈ പുസ്തകത്തില്‍ ഉണ്ട്’ എന്ന് ചാപ്റ്റര്‍ 2 അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ടൊവിനോയുടെ കഥാപാത്രം ദുല്‍ഖറിന്റെ കഥാപാത്രത്തോടു പറയുന്നത് മൂന്നാം ചാപ്റ്ററിലേക്കുള്ള സൂചന കൂടിയാണ്.

ചാപ്റ്റര്‍ 1 ന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ ചാപ്റ്റര്‍ 2 വിലും തുടരും. സംവിധായകന്‍ ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേര്‍ന്നാണ് തിരക്കഥ. ജേക്‌സ് ബിജോയ് സംഗീതവും നിമിഷ രവി ഛായാഗ്രഹണവും. എഡിറ്റിങ് ചമന്‍ ചാക്കോ. 2026 ല്‍ ചിത്രീകരണം ആരംഭിച്ച് ചാപ്റ്റര്‍ 1 റിലീസിനു ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചാപ്റ്റര്‍ 2 തിയറ്ററുകളിലെത്തിക്കുകയാണ് ലക്ഷ്യം.

Related Posts