കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് മുസ്ലിംലീഗിൻ്റെ പ്രതിഷേധം. കോഴിക്കോട് പന്നിയങ്കരയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകർ ഇൻസ്പെക്ടറെ തടഞ്ഞുവച്ചു. ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നും, സർവകകക്ഷിയോഗം പോലും വിളിച്ചു ചേർത്തില്ലെന്നും പ്രവർത്തകർ ആരോപിച്ചു. .
എന്നാൽ കോർപ്പറേഷന് കീഴിൽ നടത്തിയത് കൃത്യമായ പ്രതിരോധ പ്രവർത്തനം ആണെന്നും ലീഗിൻ്റെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും പന്നിയങ്കരയിലെ മൂന്ന് വാർഡുകളിൽ കൃത്യമായി ക്ലോറിനേഷൻ നടത്തിയിട്ടുണ്ടെന്നും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മറുപടി നൽകി. ഇത്തരത്തിലുള്ള പ്രതിഷേധം ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്നതാണ്. മൂന്ന് വാർഡുകളിലായി ക്ലോറിനേഷൻ നടത്തിയത് സാനിറ്റൈസേഷൻ തൊഴിലാളികളെ ഉൾപ്പെടെ വരുത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹെൽത്ത് ഇൻസ്പെക്ടറെ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
















