ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫൈനല്‍ കളിക്കുമോ? സെപ്റ്റംബര്‍ 28 ഞായറാഴ്ചയാണ് ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടുക. ഈ മത്സരത്തില്‍ ഹാര്‍ദിക് പുറത്തിരിക്കേണ്ടിവരുമെന്ന ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യക്കായി ആദ്യ ഓവര്‍ എറിഞ്ഞ ശേഷം ഹാര്‍ദിക് പരുക്കിനെ തുടര്‍ന്ന് കളം വിട്ടിരുന്നു. പേശി വലിവിനെ തുടര്‍ന്നാണ് ഹാര്‍ദിക്കിനു തുടര്‍ന്നു കളിക്കാന്‍ സാധിക്കാതെ വന്നത്. മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് ഹാര്‍ദിക് എറിഞ്ഞത്.
പേശി വലിവിനെ തുടര്‍ന്ന് താരം നടക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. ടീം ഫിസിയോയുടെ നിരീക്ഷണത്തില്‍ തുടരുന്ന ഹാര്‍ദിക്കിനു ഫൈനല്‍ കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തീരുമാനമാകും. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ഹാര്‍ദിക്കിനു ഫൈനലില്‍ ഇറങ്ങാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ശനിയാഴ്ച വൈകിട്ടോടെ തീരുമാനമെടുക്കും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയ ഹാര്‍ദിക് മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്താണ് പുറത്തായത്. ശ്രീലങ്കയുടെ ഇന്നിങ്‌സില്‍ ഇന്ത്യക്കായി ആദ്യ ഓവര്‍ എറിയാനെത്തിയ ഹാര്‍ദിക്കിനു ബൗളിങ്ങിനിടെ കാല്‍വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഓവര്‍ പൂര്‍ത്തിയായ ഉടനെ താരം ഡ്രസിങ് റൂമിലേക്ക് പോയത്.
അതേസമയം ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ പത്താം ഓവറില്‍ പരുക്കേറ്റ് കളംവിട്ട ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പരുക്ക് ഗുരുതരമല്ല. ഫൈനലില്‍ അഭിഷേകിനു കളിക്കാന്‍ സാധിക്കുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. കാലിനു ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാല്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യാന്‍ അഭിഷേക് ഇറങ്ങിയില്ല. പകരം ശുഭ്മാന്‍ ഗില്ലിനൊപ്പം ക്രീസിലെത്തിയത് നായകന്‍ സൂര്യകുമാര്‍ യാദവ് ആണ്.
ഏഷ്യ കപ്പ് ഫൈനല്‍
നാളെയാണ് (സെപ്റ്റംബര്‍ 28) ഏഷ്യ കപ്പ് ഫൈനല്‍. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു.
















