അര്‍ഹതപ്പെട്ട രീതിയില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നിട്ടും റെക്കോര്‍ഡ് ബുക്കില്‍ പേര് എഴുതിചേര്‍ക്കുന്നതില്‍ നിന്ന് സഞ്ജു സാംസണ്‍ പിന്നോട്ടില്ല. ഏഷ്യ കപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ സഞ്ജു മറികടന്നത് സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡ്.
ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് സഞ്ജു കൈവരിച്ചത്. 48 ഇന്നിങ്‌സുകളില്‍ നിന്ന് 55 സിക്‌സുകളാണ് സഞ്ജു ഇതുവരെ നേടിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 23 പന്തില്‍ 39 റണ്‍സെടുത്ത സഞ്ജു മൂന്ന് സിക്‌സറുകള്‍ പറത്തിയിരുന്നു.
85 ഇന്നിങ്‌സുകളില്‍ നിന്ന് 52 സിക്‌സുകള്‍ ഉള്ള ധോണിയെ സഞ്ജു മറികടന്നത് 37 ഇന്നിങ്‌സുകളുടെ വ്യത്യാസത്തില്‍ ആണെന്നത് ഈ റെക്കോര്‍ഡിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. 66 ഇന്നിങ്‌സുകളില്‍ നിന്ന് 44 സിക്‌സുകള്‍ നേടിയ റിഷഭ് പന്ത് ആണ് മൂന്നാം സ്ഥാനത്ത്. 32 ഇന്നിങ്‌സുകളില്‍ നിന്ന് 36 സിക്‌സുകളുമായി ഇഷാന്‍ കിഷന്‍ നാലാമത്. ഏഷ്യ കപ്പില്‍ ഇതുവരെ ആറ് സിക്‌സുകളാണ് താരം നേടിയത്. ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അര്‍ധ സെഞ്ചുറിയുമായി കളിയിലെ താരമാകുകയും ചെയ്തു.
ഏഷ്യ കപ്പിനു മുന്‍പ് അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിരുന്ന താരമാണ് സഞ്ജു. ഓപ്പണര്‍ റോളില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ചുറികളുമായി അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. എന്നാല്‍ ഏഷ്യ കപ്പില്‍ ശുഭ്മാന്‍ ഗില്ലിനു വേണ്ടി സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം ത്യജിക്കേണ്ടിവന്നു.
കടുത്ത അവഗണനകള്‍ക്കിടയിലും ഏഷ്യ കപ്പ് റണ്‍വേട്ടക്കാരില്‍ 14-ാമത് സഞ്ജുവുണ്ട്. ആറ് കളികളില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിട്ടും സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത് മൂന്ന് ഇന്നിങ്‌സുകളില്‍ മാത്രം. 127.06 സ്‌ട്രൈക് റേറ്റില്‍ 108 റണ്‍സ് നേടിയിട്ടുമുണ്ട്.
















