India News

പടക്കങ്ങൾ പൂർണ്ണമായി നിരോധിക്കുക സാധ്യമല്ല, നിയന്ത്രണമാണ് ആവശ്യം: സുപ്രീം കോടതി

ഡൽഹി: പടക്കങ്ങൾ സമ്പൂർണ്ണമായി നിരോധിക്കുന്നത് പ്രായോ​ഗികമല്ല, നിയന്ത്രണമാണ് ആവശ്യമെന്ന് സുപ്രീംകോടതി. പൂർണ്ണമായും നിരോധിച്ചാൽ അത് ഈ മേഖല മാഫിയകൾക്കു തുറന്നു കൊടുക്കലാകും എന്നും കോടതി നിരീക്ഷിച്ചു. ഡൽഹി എൻസിആർ പ്രദേശത്തെ പടക്കങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. മേഖലയിൽ അം​ഗീകൃത നിർമ്മാതാക്കൾക്ക് പടക്ക നിർമ്മാണത്തിന് സുപ്രീം കോടതി അനുമതി നൽകിയ കോടതി എന്നാൽ വിൽപ്പനയ്ക്ക് അനുമതി നിഷേധിച്ചു.

നാഷണൽ എൻവയോൺമെന്റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷനും അം​ഗീകരിച്ച സ്ഥാപനങ്ങൾക്കുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. പടക്കങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ സ്റ്റേക്ക് ഹോൾഡേഴ്സുമായി ചേർന്ന് ഒക്ടോബർ 8 നു മുമ്പായി പരിഹാരമുണ്ടാക്കാനും കോടതി നിർദേശിച്ചു. എന്നാൽ ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാൻ അവകാശമുണ്ടെങ്കിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അതേ അവകാശമുണ്ടെന്ന് സുപ്രീം കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ബി.ആർ ​ഗവായ് ജസ്റ്റിസ് കെ വിനോദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. താൻ അമൃത്സറിൽ ഉണ്ടായിരുന്നപ്പോൾ ഡൽഹിയേക്കാൾ വായു മലിനീകരണം ഉണ്ടായിരുന്നു. അതുകൊണ്ട് പടക്കങ്ങൾ നിരോധിക്കുകയാണെങ്കിൽ എല്ലായിടത്തും അതുവേണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഡൽഹി, എൻസിആറിൽ ഉൾപ്പെട്ട ജില്ലകളിൽ പടക്കങ്ങളുടെ വിൽപ്പന, നിർമ്മാണം, സംഭരണം എന്നിവ നിരോധിച്ചുകൊണ്ട് 2024 ഡിസംബർ 19 ലെ മുൻ നിർദ്ദേശം ശരിവച്ച 2025 ഏപ്രിൽ 3 ലെ ഉത്തരവിനെ ചോദ്യം ചെയ്ത് പടക്ക നിർമ്മാതാക്കളും മറ്റു സംഘടനകളും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് ഈ നിരീക്ഷണങ്ങൾ ഉണ്ടായത്. 2017 ലായിരുന്നു ഡൽഹി എൻ സി ആർ പ്രദേശത്ത് ആദ്യമായി നിരോധനമേർപ്പെടുത്തിയത്. നാഷണൽ ​ഗ്രീൻ ട്രിബ്യൂണലായിരുന്നു നിരോധനമേർപ്പെടുത്തിയത്. പിന്നീട് 2018 ൽ സുപ്രീം കോടതി ഇത് അം​ഗികരിച്ചു. ഈ നിരോധനമാണ് ഇപ്പോഴും തുടരുന്നത്.

Related Posts