Kerala Lead News News

ഇടതിലേക്ക് ചായുന്ന നിലപാടിൽ കരയോ​ഗങ്ങളിൽ രാജി; ‘നായരെ’ അടുപ്പിച്ചത് ​ഗണേഷ് കുമാറോ? 

കൊച്ചി: ആ​ഗോള അയ്യപ്പസം​ഗമത്തിനെ പിന്തുണച്ച് പിണറായി സർക്കാരിനോട് അടുത്ത എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നീക്കങ്ങളിൽ സമുദായത്തിൽ പാളയത്തിൽ പട. പരസ്യപ്രതിഷേധങ്ങൾ അറിയിച്ച് വിവിധ കരയോ​ഗങ്ങളിൽ നിന്ന് രാജി എത്തിയതോടെ  ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടിൽ സമുദായത്തിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുകുമാരൻ നായര്‌‍ക്ക് എതിരെ ഫ്ളക്സ് ബോർഡ് ഉയർന്നതിന് പിന്നാലെയാണ്  വെള്ളിയാഴ്ച ചങ്ങനാശ്ശേരി എൻ.എസ്.എസിൽ രാജി എത്തി. ചങ്ങനാശ്ശേരിയിലെ പഴുവാതിൽ കുടുംബമാണ് രാജിയുമായി രം​ഗത്തെത്തിയത്. 

കുടുംബത്തിലെ നാല് പേരാണ് രാജി വെച്ചിരിക്കുന്നത്. സുകുമാരൻ നായരുടെ നിലപാടിനെതിരെ വിവിധ താലൂക്ക് യൂണിയനുകളിലും പ്രതിഷേധം ഉയരുകയാണ്. എറണാകുളത്തും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നു. ശബരിമല പ്രക്ഷോഭത്തിൽ അയ്യപ്പന്മാർക്കൊപ്പം നിന്ന എൻ.എസ്.എസിന്റെ പുതിയ നീക്കങ്ങൾ സമുദായ താത്പര്യങ്ങൾക്കും വിശ്വാസികൾക്കും വിരുദ്ധമാണെന്ന നിലപാടാണ് കരയോ​ഗങ്ങളിൽ നിന്നുയരുന്നത്. ഈ പ്രതിഷേധങ്ങളെല്ലാം ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിലുമെത്തി. പത്തനംതിട്ടയിൽ ജനറൽ സെക്രട്ടറിക്കെതിരെ സമുദായത്തിൽ നിന്നുയർന്ന പരസ്യ പ്രതിഷേധങ്ങളാണ് ബാനർ രൂപത്തിലും ഫ്ളക്സ് രൂപത്തിലുമെല്ലാം പ്രകടമായി കണ്ടത്. എന്നാൽ ആർക്കും കാശ് മുടക്കി ഫ്ളക്സ് വയ്ക്കാമെന്നും അതിലൊന്നും കാര്യമില്ലെന്നാണ് സുകുമാരൻ നായരുടെ പ്രതികരണവും എത്തിയത്. 

നാമജപത്തിൽ വിശ്വാസികൾക്കൊപ്പം 

ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി നിലപാട് സ്വീകരിച്ച് യുവതി പ്രവേശനുമായി മുന്നോട്ട് പോയ ഇടത് സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി രം​ഗത്തെത്തിയ സമുദായ സംഘടന നായർ സർവീസ് സൊസൈറ്റിയായിരുന്നു. അന്ന് പതിനായിരക്കണക്കിന് നായർ യുവതികളെ തിരുവിലിറക്കിയാണ് എൻ.എസ്.എസ് പ്രതിഷേധ വലയം തീർത്തത്. ശബരിമല ആചാര സംരക്ഷണത്തിൽ  മുൻപന്തിയിൽ നിന്ന എൻ.എസ്.എസിന്റെ മലക്കം മറിച്ചിലിലാണ് സമുദായത്തിലും ഭിന്ന അഭിപ്രായം രൂപപ്പെട്ടത്. അതേ സമയം നാമജപപ്രതിഷേധം നടത്തിയ എൻ.എസ്.എസ് താലൂക്ക് യൂണിയനുകൾക്കെതിരെ ചുമത്തിയ കേസ് ഒതുക്കിയതും എയിഡഡ് കോളജ് സംവരണത്തിൽ എൻ.എസ്. എസിന് സ്വീകാര്യമായ നിലപാട് സർക്കാർ സ്വീകരിച്ചതും സുകുമാരൻ നായരെ ഇടതിനോട് അടുപ്പിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.

​ചുക്കാൻ പിടിച്ചത് ​ഗണേഷ് കുമാറോ? വാസവനോ? 

കേരളത്തിൽ എന്നെന്നും സമദൂര സിദ്ധാന്തവുമായി മുന്നോട്ട് പോയിരുന്ന എൻ.എസ്.എസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് പക്ഷത്തിനോട് അടുത്തിരുന്നില്ല. വട്ടിയൂർകാവിൽ എൻ.എസ്.എസും സി.പി.എമ്മും തമ്മിലുള്ള കടത്തുമത്സരമെന്ന് വിലയിരുത്തലുണ്ടായെങ്കിലും മേൽക്കൈ ഇടത്പക്ഷം തന്നെ നേടിയെടുത്തിരുന്നു. ശബരിമല ഉൾപ്പടെ ഇടത് സർക്കാരിന്റെ നയങ്ങളിൽ ഇടഞ്ഞ സുകുമാരൻ നായരെ സർക്കാരിനോട് അടുപ്പിച്ചതിൽ മുഖ്യ റോൾ മന്ത്രി കെ.ബി ​ഗണേഷ് കുമാറിനുണ്ടെന്നാണ് വിലയിരുത്തൽ. 

പിണറായി സർക്കാരിലെ ജനകീയൻ​ എന്ന നിലയിലും എൻ.എസ്.എസിന്റെ സീമന്തപുത്രനെന്ന നിലയിലും ​ഗണേഷ് കുമാർ സുകുമാരൻ നായരോട് അടുത്ത് നിൽക്കുന്ന വ്യക്തിയാണ്. എ​ൻ.എസ്.എസിലെ ജനറൽ ബോർഡ് അം​ഗം കൂടിയായ ​ഗണേഷ് കുമാറിനെ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭയിലേക്ക് പരി​ഗണിച്ചതോടെ സുമാദയത്തിനും ഇടത് സർക്കാരിൽ പ്രീതിനേടിയിരുന്നു.  ​കേരള കോൺ​ഗ്രസ് ബി നേതാവ് കൂടിയായ ​ഗണേഷ് കുമാറിന് സർക്കാരിലുള്ള സത്പേരും സമുദായത്തിലുള്ള പിൻബലവും സുകുമാരൻ നായരെ എൽ.ഡി.എഫ് സർക്കാരുമായി അടുപ്പിച്ച് നിർത്തുന്നതെന്നാണ് സൂചന, മന്ത്രി വി.എൻ വാസവനും ശക്തമായ ഇടപെടൽ എൻ.എസ്.എസിനെ അടുപ്പിക്കുന്ന കാര്യത്തിൽ നടത്തിയിട്ടുണ്ട്.

കണക്ക് പിഴക്കുമോ ബി.ജെ.പിക്കും കോൺ​ഗ്രസിനും

നായർ സമുദായത്തിന്റെ പിന്തുണയോടെ ഹരിപ്പാട് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ‍ സുകുമാരൻ നായർ തൊടുത്ത വിമർശനങ്ങൾ കോൺ​ഗ്രസിലെ ​ഗ്രൂപ്പിസത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം കൂടിയായിരുന്നു. നേതാവാകാനുള്ള മത്സരമാണ് നടക്കുന്നതെന്നും വിശ്വാസ സംരക്ഷണത്തിനായി കോൺ​ഗ്രസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും സുകുമാരൻ നായർ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായി രമേശ് ചെന്നിത്തലയും വി.ഡി സതീശനും രം​ഗത്തെത്തുകയും ചെയ്തിരുന്നു. 

എൻ.എസ്.എസ് കോൺ​ഗ്രസിനോട് വിമുഖത കാട്ടുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നും എൻ.എസ്.എസ് ഒരിക്കലും ഇടത് പക്ഷത്തേക്ക് പോകില്ലെന്നും ഇവർ പ്രതികരിച്ചിരുന്നു. അതേ സമയം നായർ സുമാദയത്തെ അടുപ്പിക്കാനുള്ള ബി.ജെ.പി നീക്കങ്ങൾ എല്ലാം തെറ്റിച്ചാണ് സുകുമാരൻ നായരുടെ പ്രസ്താവന എത്തിയത്.  ബി.ജെ.പിയുടെ സംസ്ഥാന സമിതിയിലുൾപ്പടെ നായർ പ്രാതിനിധ്യം ഉറപ്പാക്കിയാണ് അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളുമായി ബി.ജെ.പി നീങ്ങിയത്. നേമം, വട്ടിയൂർകാവ്, പത്തനംതിട്ട, തൃശൂരിലെ ശക്തികേന്ദ്രങ്ങൾ തുടങ്ങി വോട്ടിങ്ങ് നില മെച്ചപ്പെടാൻ സാധ്യതയുള്ള പല മണ്ഡലങ്ങളും ബി.ജെ.പി ആസുത്രണം ചെയ്തു കഴിഞ്ഞു. ഈ അവസരത്തിലാണ് എൻ.എസ്.എസിന്റെ മലക്കം മറിച്ചിലുമെത്തിയത്.

Related Posts