ആലപ്പുഴ : എയിംസ് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണം എന്ന പ്രസ്താവനയാണ് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് തള്ളിയത്. കേരളത്തിൽ എവിടെ വേണമെങ്കിലും എയിംസ് സ്ഥാപിക്കാമെന്നാണ് ബിജെപിയുടെ നിലപാടെന്നും എന്തുകൊണ്ടാണ് ആലപ്പുഴ ജില്ലയിൽ വേണം എന്ന് പറയുന്നതിൽ സുരേഷ് ഗോപി തന്നെ വ്യക്തത വരുത്തണമെന്നും പി കെ ബിനോയ് വ്യക്തമാക്കി.
അടുത്തിടെ നടന്ന കലുങ്ക് സംവാദത്തിനിടയിൽ കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യില്ല എന്ന് സുരേഷ് ഗോപി ആവർത്തിച്ച് പറഞ്ഞിരുന്നു. എയിംസ് ആലപ്പുഴ ജില്ലയിൽ വേണമെന്നും അത് പറ്റില്ലെങ്കിൽ തന്റെ മണ്ഡലമായ തൃശൂരിൽ വേണമെന്നുമുള്ള നിലപാട് പലപ്പോഴായി പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. പാർട്ടിക്കിടയിൽ തന്നെ എയിംസിനെ ചൊല്ലിയുണ്ടാകുന്ന അഭിപ്രായഭിന്നത പരിഹരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടനത്തിനായി നാളെ നദ്ദ സംസ്ഥാനത്തെത്തും ഈ അവസരത്തിലാണ് ചർച്ച നടത്തുക.
അതേ സമയം സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. പ്രസ്താവനയിൽ കഴമ്പില്ലെന്നും കഴിഞ്ഞ പത്ത് വർഷമായി സർക്കാർ കേരളത്തിൽ എയിംസ് കൊണ്ടുവരാനായി വലിയ പരിശ്രമങ്ങൾ നടത്തിയിട്ടും കേന്ദ്രത്തിൽ നിന്ന് കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. എയിംസ് കേരളത്തിൽ എവിടെ വന്നാലും സ്വാഗതാർഹമാണെന്നും എവിടെ വേണമെങ്കിലും സ്ഥലമേറ്റെടുക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
















