ശ്രീനഗർ: ലേയിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് സംഘർഷം പൊട്ടിപ്പുറപ്പെട്ടന് പിന്നാലെ 15 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാരം. ലേയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ഭയന്നാണ് നിരാഹാരം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ മുൻകരുതൽ നടപടിയായി തന്റെ നിരാഹാര സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി വാങ്ചുക്ക് പത്രസമ്മേളനത്തിൽ വിശദീകരിച്ചത്. അക്രമത്തെ അപലപിച്ച അദ്ദേഹം മേഖലയിലുടനീളം ശാന്തത പാലിക്കാൻ ആഹ്വാനം ചെയ്തു. ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രക്ഷോഭത്തിന് പിന്നിൽ ഇല്ലെന്നാണ് വാങ്ങ്ചൂക്ക് പ്രതികരിച്ചത്. യുവാക്കളെ അണിനിരത്താൻ ഒരു പാർട്ടിക്കും ശക്തിയുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വാങ്ചുക്ക് വ്യക്തമാക്കി. ലഡാക്കിലെ അക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണം ഉയരുന്നതിനിടയിലാണ് വാങ്ങ് ചുക്കിന്റെ പ്രതികരണവും എത്തിയത്.
മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും കൂടുതൽ അക്രമങ്ങൾ നടന്നിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മാധ്യമങ്ങളിലൂടെയോ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയോ പ്രകോപനപരമോ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. മുൻപ് ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഒഴികെ, വൈകുന്നേരം 4 മണിയോടെ ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാക്കി, ലഡാക്ക് ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതോടെ ശാന്തരാകുവാൻ വാങ്ചുക്ക് തന്നെ നിർദേശിക്കുകയും ചെയ്തു. യുവാക്കളോട് “ഈ വിഡ്ഢിത്തം നിർത്തുക” എന്ന് പറഞ്ഞാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വാങ്ങ്ചുക്ക് രംഗത്തെത്തിയത്. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പോലെയുള്ള സംഭവവികാസങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്രസേനകളും സർക്കാരും സദാ ലഡാക്കിനെ നിരീക്ഷിച്ചിരുന്നു. സംഭവത്തിൽ സി.ബി.െഎ അന്വേഷണവും തുടങ്ങി. അക്രമം പൊട്ടിപ്പുറപ്പെടാനുണ്ടായ സാഹചര്യവും വിലയിരുത്തുന്നുണ്ട്.
അവലോകന യോഗം ചേർന്ന് ലഫ്റ്റണന്റ് ഗവർണർ
ലഡാക്കിലെ ബന്ദിനിടെയുണ്ടായ അക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു ദിവസത്തിന് ശേഷം, ലേയിൽ കർഫ്യൂ ഏർപ്പെടുത്തി സൈനിക നടപടിയും സ്വീകരിച്ചു .നിരാഹാര സമരം നയിക്കുന്ന കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തയെന്നും അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് അഞ്ച് വർഷമായി പ്രചാരരംഗത്തുള്ള ലേ അപെക്സ് ബോഡി (എൽഎബി) ആഹ്വാനം ചെയ്ത ബന്ദാണ് അക്രമണപരമ്പരകളുടെ തുടക്കമെന്നും വിലയിരുത്തെലെത്തി. പ്രതിഷേധക്കാർ ബിജെപി ഓഫീസും പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത ഇന്ന് സുരക്ഷാ അവലോകനയോഗം വിളിച്ചു ചേർത്തിരുന്നു. കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
















