കൽപ്പറ്റ: വിവാദങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങൾ രാജിയ്ക്കു പിന്നിലുണ്ട്. അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കെപിസിസി യോഗത്തിൽ തന്നെ ഒഴിവാക്കി തരണം എന്ന് അപ്പച്ചൻ ആവശ്യപ്പെട്ടിരുന്നു.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആത്മഹത്യ ചെയ്ത വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്റെ അർബൻ ബാങ്കിലെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തിരുന്നു. കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. എൻ എം വിജയൻ്റെ ആത്മഹത്യ കുറിപ്പിലെ കോൺഗ്രസ് നേതാക്കൾക്കെതിരായ പരാമർശം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്.
















