Cricket Homepage Featured Sports

ടീമിനു ഭാരം ക്യാപ്റ്റന്‍ തന്നെ; സഞ്ജുവിന്റെ അടക്കം അവസരം ഇല്ലാതാക്കുന്നു

ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിലും അമ്പേ നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇല്ലാതെ സൂര്യ രക്ഷപ്പെട്ടു പോകുന്നത്.ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ബാറ്റിങ്ങില്‍ അമ്പേ പരാജയമാണ് സൂര്യ. 2025 ലെ മാത്രം പ്രകടനമെടുത്താല്‍ അവസാന ഒന്‍പത് ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്ന് 112.98 സ്‌ട്രൈക് റേറ്റില്‍ സൂര്യ നേടിയിരിക്കുന്നത് വെറും 87 റണ്‍സ് മാത്രമാണ്.

ട്വന്റി 20 ലോകകപ്പിലേക്ക് അടുക്കുമ്പോള്‍ സൂര്യയുടെ ബാറ്റിങ് ഫോംഔട്ട് ഇന്ത്യയെ സാരമായി ബാധിക്കുന്നുണ്ട്. ഏഷ്യ കപ്പില്‍ ഇതുവരെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് സൂര്യക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത് 59 റണ്‍സ് മാത്രം. ഏഷ്യ കപ്പില്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്, 37 പന്തില്‍ 47, മൂന്ന് പന്തില്‍ പൂജ്യം, 11 പന്തില്‍ അഞ്ച് എന്നിങ്ങനെയാണ് സൂര്യയുടെ വ്യക്തിഗത സ്‌കോറുകള്‍. നാല് ഇന്നിങ്സുകളില്‍ നിന്നായി വെറും 59 റണ്‍സ് മാത്രം. ടി20 ഫോര്‍മാറ്റില്‍ സൂര്യയുടെ അവസാന ഒന്‍പത് സ്‌കോറുകള്‍ ഇങ്ങനെയാണ്: 0, 12, 14, 0, 2, 7, 47, 0, 5

ഏഷ്യ കപ്പിലെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം പരിഗണിച്ചാലും ക്യാപ്റ്റന്‍ തന്നെയാണ് ഏറ്റവും അവസാനം. ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ അത്ര മികച്ച ഫോമില്‍ അല്ലാത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പോലും സൂര്യയേക്കാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. സൂര്യയുടെ പ്രഹരശേഷി കണക്കിലെടുത്താണ് താരത്തിനു ക്യാപ്റ്റന്‍സി നല്‍കിയതെങ്കില്‍ ഇന്ന് ടീം മാനേജ്‌മെന്റിനു ഏറ്റവും വലിയ തലവേദനയും അത് തന്നെയാണ്. ക്രീസിലെത്തിയാല്‍ പേസിനോടും സ്പിന്നിനോടും ഒരുപോലെ സ്ട്രഗിള്‍ ചെയ്യുന്ന സൂര്യയെയാണ് കാണുന്നത്.

സൂര്യകുമാര്‍ യാദവ് കാരണം അവസരം നഷ്ടപ്പെടുന്നവരില്‍ മലയാളി താരം സഞ്ജു സാംസണും ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയുമുണ്ട്. ആദ്യ മൂന്നില്‍ ബാറ്റ് ചെയ്യേണ്ടവരാണ് ഇവര്‍ രണ്ടുപേരും. എന്നാല്‍ സൂര്യകുമാര്‍ മൂന്നാം നമ്പറില്‍ തുടരുന്നതിനാല്‍ തിലകിനും സഞ്ജുവിനും ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടിവരും. മൂന്നാം നമ്പറില്‍ സൂര്യ നിരാശപ്പെടുത്തുന്നതിനൊപ്പം മൂന്നാം നമ്പറിനു താഴേക്ക് ബാറ്റ് ചെയ്യേണ്ടിവരുന്നതിനാല്‍ തിലകിന്റെയും സഞ്ജുവിന്റെയും പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.

Related Posts