ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ശ്രേയസ് അയ്യര്‍. ഇന്ത്യ എ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലിക ഇടവേളയെടുക്കുന്നതായി താരം ബിസിസിഐയെ അറിയിച്ചത്. ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് ശ്രേയസ് അയ്യര്‍ നായകസ്ഥാനം ഒഴിഞ്ഞത്. ലഖ്നൗവിലെ ഇന്ത്യന്‍ ക്യാംപ് വിട്ട് താരം മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നതായി ശ്രേയസ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെ അടക്കം അറിയിച്ചിരിക്കുന്നത്.
ഓസ്ട്രേലിയ എ ടീമിനെതിരായ ഒന്നാം ചതുര്‍ദിന ടെസ്റ്റിനു പിന്നാലെ തനിക്കു റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇടവേള ആവശ്യമാണെന്ന് ശ്രേയസ് അഗാര്‍ക്കറെ അറിയിച്ചിരുന്നതായാണ് ക്രിക്ബസ് റിപ്പോര്‍ട്ട്. ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റ് കളിക്കാന്‍ ആവശ്യമായ ഫിറ്റ്നെസ് പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും ഇത് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നുമാണ് ശ്രേയസ് ടീം മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്. ബിസിസിഐ ഫിസിയോ വിഭാഗം, ഇന്ത്യ എ പരിശീലകന് ഹൃഷികേശ് കനിത്കര്‍ എന്നിവരെ നേരിട്ടും ബിസിസിഐയെ ഈ-മെയില്‍ മുഖേനയും ഇക്കാര്യങ്ങള്‍ അറിയിച്ച ശേഷമാണ് ശ്രേയസ് ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചത്.
2023 ലെ പരുക്കിനെ തുടര്‍ന്നാണ് ശ്രേയസിനു ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ നിരന്തരം നേരിട്ടു തുടങ്ങിയത്. റെഡ് ബോള്‍ ക്രിക്കറ്റിലെ ദിവസങ്ങള്‍ നീണ്ട ജോലിഭാരം ഇനിയും താങ്ങാന്‍ ശരീരത്തിനു സാധിക്കില്ലെന്നാണ് ശ്രേയസിന്റെ ആശങ്ക. അഞ്ചു ദിവസം നീണ്ട മത്സരങ്ങള്‍ കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുക്കും വരെ വിട്ടുനില്‍ക്കാനാണു ശ്രേയസിന്റെ തീരുമാനം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രേയസിനെ പരിഗണിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത താരത്തെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്മെന്റ് ഇനി തയ്യാറാകില്ല. ശ്രേയസിനു പകരം സര്‍ഫ്രാസ് ഖാന് ആയിരിക്കും വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക.
















