കൊൽക്കത്ത: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ച് പശ്ചിമബംഗാൾ. കൊൽക്കത്തിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 10 മരണം സ്ഥിരീകരിച്ചു. നഗരം വെള്ളക്കെട്ടിലായതോടെ ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപം കൊണ്ട ഒരുമർദ്ദം തെക്കൻ ബംഗാളിലെ നിരവധി ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയാകുമെന്നു ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.24 മണിക്കൂറിനുള്ളിൽ 251.4 മില്ലിമീറ്റർ പെയ്ത പ്രളയം, 1986 ന് ശേഷം കൊൽക്കത്ത കണ്ട ഏറ്റവും ഉയർന്ന മഴയും കഴിഞ്ഞ 137 വർഷത്തിനിടയിലെ ആറാമത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മഴയുമാണ്.
ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി പോസ്റ്റുകൾ തകർന്ന് വീണും വൈദ്യുതാഘാതമേറ്റുമാണ് 10 പേർ മരിച്ചത്. വലിയ തോടുകൾ ഉൾപ്പടെ വെള്ളത്തിനടിയിലായി.ഫറാക്ക അണക്കെട്ടിലെ ഡ്രഡ്ജിംഗ് മോശമായതും സ്വകാര്യ വൈദ്യുതി കമ്പനിയായ സിഇഎസ്‌സിയുടെ വീഴ്ചയുമാണ് മരണങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. പ്രതികൂല സാഹചര്യം കണക്കിലെടുത്ത്, ദുർഗാ പൂജ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചു. വെർച്യലായി ഉദ്ഘാടാന ചടങ്ങിൽ പങ്കെടുക്കാനാണ് തീരുമാനം.
പ്രതികൂല കാലാവലസ്ഥ നേരിടുന്ന സാഹചര്യത്തിൽ 30 വിമാന സർവീസുകൾ റദ്ദാക്കി. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും മഴക്കെടുതി മൂലം നിർത്തിവെച്ചു. കൊൽക്കത്ത മെട്രോ സർവീസുകളും നിർത്തിവച്ചിട്ടുണ്ട്.ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ട്രെയിൻ, മെട്രോ സർവീസുകൾ സാരമായി തടസ്സപ്പെട്ടു. പ്രത്യേകിച്ച്, ബ്ലൂ ലൈനിന്റെ (ദക്ഷിണേശ്വർ-ഷാഹിദ് ഖുദിറാം) മധ്യഭാഗത്ത് മഹാനായക് ഉത്തം കുമാർ, രബീന്ദ്ര സരോബർ സ്റ്റേഷനുകൾക്കിടയിൽ കനത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടു, ഇത് ഈ ഭാഗത്തെ സർവീസുകൾ നിർത്തിവച്ചു.
സീൽഡ സൗത്ത് സെക്ഷനിലെ ട്രെയിൻ ഗതാഗതത്തെയും ട്രാക്കുകളിൽ വെള്ളം കയറിയത് ബാധിച്ചു, അതേസമയം സീൽഡ നോർത്ത്, മെയിൻ സെക്ഷനുകളിൽ സ്‌കെലിറ്റൻ സർവീസുകൾ നടത്തി. ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ഹൗറ, കൊൽക്കത്ത ടെർമിനലുകളിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടു.
പുർബ, പശ്ചിം മെഡിനിപൂർ, സൗത്ത് 24 പർഗാനാസ്, ജാർഗ്രാം, ബങ്കുര ജില്ലകളിൽ ബുധനാഴ്ച വരെ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഓഫീസ് കൂട്ടിച്ചേർത്തു. കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ബംഗാൾ ഉൾക്കടലിലും സെപ്റ്റംബർ 25 ഓടെ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഈ മേഖലയിൽ കൂടുതൽ മഴയ്ക്ക് കാരണമായേക്കാം.
















