തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. ഇതോടൊപ്പം ഡിസംബർ 20 നു മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണം എന്നുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.
കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും തദ്ദേശ തിരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസർമാരാണ്. ഇവർക്ക് തന്നെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെയും ചുമതലയുള്ളത്. അതുകൊണ്ടുതന്നെ ദേശീയ തലത്തിൽ സെപ്റ്റംബർ മാസം നടത്താൻ നിർദേശിച്ചിരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ് ഐ ആർ) നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് സഖ്യങ്ങളായ എൽഡിഎഫും യുഡിഎഫും എസ്ഐആർ മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖോൽക്കർ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു ആവശ്യമുയർന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചാൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഡിസംബറിനു ശേഷമാകും നടക്കുക.
2002 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാകും പരിഷ്കരണം. അതിനു ശേഷം വോട്ടർ പട്ടികയിൽ ഇടം നേടിയവർ വീണ്ടും അപേക്ഷ നൽകണം. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എസ് ഐ ആർ പ്രായോഗികമല്ലെന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നത്. ഇത് തിരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം.
















