Homepage Featured News World

യു എസിൽ ഹനുമാൻ പ്രതിമ എന്തിന് ? വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂണിയൻ എന്ന് വിളിക്കുന്ന ഹനുമാൻ പ്രതിമയ്ക്കെതിരെ വിവാദ പരാമർശവുമായി അലക്സാണ്ടർ ഡങ്കൻ. ഡൊണാൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് ഡങ്കൻ. പ്രതിമയുടെ വീഡിയോയ്ക്കൊപ്പം എക്സിൽ ഷെയർ ചെയ്ത കുറിപ്പാണ് വിവാദത്തിലായത്. വ്യാപക പ്രതിഷേധമാണ് ഡങ്കനെതിരെ ഉയരുന്നത്.

അനിയന്ത്രിതമായി യു എസ് നികുതി ചുമത്തിയതിനെത്തുടർന്ന് ഇന്ത്യ യുഎസ് വ്യാപാര ബന്ധങ്ങളിൽ ഉലച്ചിൽ തട്ടിയിരുന്നു. ഇതിനെത്തുടർന്ന് നവമാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ പരാമർശങ്ങളുമായി നിരവധി യു എസ് അധികാരികൾ രം​ഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഹിന്ദു വിരുദ്ധ പരാമർശങ്ങൾ എക്സിൽ കുറിച്ചത്.

2024 ഓ​ഗസ്റ്റിലാണ് യു എസിലെ ടെക്സാസിൽ ഹനുമാൻ പ്രതിമ ഉദ്ഘാടനം ചെയ്തത്. 90 അടി ഉയരമുള്ള സ്റാച്യു ഓഫ് യൂണിയൻ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. ഈ പ്രതിമയ്ക്കെത്രെയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ രൂക്ഷ പരാമർശം. എന്തിനാണ് ഒരു വ്യാജ ദൈവത്തിന്റെ വ്യാജ പ്രതിമ ടെക്സാസിൽ അനുവദിക്കുന്നത്? നമ്മുടേത് ഒരു ക്രിസ്തീയ രാജ്യമാണ് എന്നാണ് അലക്സാണ്ടർ ഡങ്കൻ എക്സിൽ കുറിച്ചത്.

ടെക്സാസിനെ പ്രതിനിധീകരിച്ച് യു എസ് സെനറ്റിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് ഡങ്കൻ. രണ്ടാമത് ഇതോടനുബന്ധിച്ച് ഡങ്കന്റേതായി ഒരു പോസ്റ്റു കൂടി പുറത്തു വന്നിട്ടുണ്ട്.ഞാനല്ലാതെ മറ്റൊരു ദൈവവും നിങ്ങൾക്കില്ല. നിങ്ങൾ നിങ്ങൾക്കായി ഒരു തരത്തിലുള്ള പ്രതിമയും സ്വർ​ഗത്തിലോ ഭൂമിയിലോ കടലിലോ നിർമിക്കേണ്ടതില്ല എന്ന ബൈബിൾ വചനങ്ങളാണ് സംഭവം വിവാദമായതോടെ ഡങ്കൻ ട്വീറ്റു ചെയ്തത്.

സംഭവത്തിനെതിരെ യു എസിന്റെ മതനിരപേക്ഷ പാരമ്പര്യം ചൂണ്ടിക്കാട്ടി അമേരിക്കക്കാരടക്കം രം​ഗത്തുണ്ട്. സെനറ്റ് സ്ഥാനാർഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമോയെന്ന് റിപ്പബ്ലിക്കൻ പാർട്ടിയോട് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ചോദിച്ചു. വിവേചനത്തിനെതിരെയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ തന്നെ മാർ​ഗ നിർദേശങ്ങൾക്കെതിരാണ് ഡങ്കന്റെ പരാമർശങ്ങളെന്നും ഫൗണ്ടേഷൻ ഒരു പോസ്റ്റിൽ പറഞ്ഞു.

Related Posts