Entertainment Features

ട്രെയിനുകൾ നിർത്താതെ പോകുന്ന ഇടം, അടച്ചിട്ടത് 42 വർഷങ്ങൾ; ഇന്ത്യയിലെ ഏറ്റവും ഭയക്കുന്ന പ്രേത ബാധയുള്ള റയിൽവേ സ്റ്റേഷൻ

ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതകൾ കാണും. ചില ഇടങ്ങൾ അതിന്റെ ഭംഗി, ഭക്ഷണം, വാസ്തു, ചരിത്രം അങ്ങനെ പലവിധ കാരണങ്ങളാലാവാം പ്രശസ്തമാകുന്നത്. എന്നാൽ പ്രേതബാധ കാരണം പ്രശസ്തമായ ഒരിടം ഇന്ത്യയിൽ ഉണ്ട്.
തെക്ക് കിഴക്കൻ റെയിൽവേ സോണിന്റെ ഭാഗമായ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലുള്ള ബെഗുൻകോദർ റെയിൽവേ സ്റ്റേഷൻ. പ്രേതവും ഭൂതവും കെട്ടുകഥ ആണെന്ന് പറയുമ്പോഴും പ്രേതത്തെ പേടിച്ചു 42 വർഷത്തോളമാണ് ഈ സ്റ്റേഷൻ അടച്ചിട്ടത്.

സന്താൽ രാജകുമാരിയായ ലച്ചൻ കുമാരിയുടെ ശ്രമഫലമായി, 1960 കളുടെ തുടക്കത്തിലാണ് ബെഗുൻകോദർ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത്.
ഇത്രയും ഒറ്റപ്പെട്ട സ്ഥലത്ത് ഒരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നത് നാട്ടുകാർ സ്വാഗതം ചെയ്തു. 1967 വരെ ഈ സ്റ്റേഷൻ ജനക്കൂട്ടത്തിന്റെ തിരക്കിലായിരുന്നു. ആ വർഷം ഒരു അർധ രാത്രിയിൽ വെളുത്ത വസ്ത്രം ധരിച്ച സ്ത്രീയെ ഇവിടെ കണ്ടുവെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചത്. പിന്നിട് അത് സ്ഥിരം സംഭവമായതോടെ
ഈ സ്റ്റേഷൻ പ്രേതബാധ ഉള്ളതാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. റെയിൽവേ അപകടത്തിൽ മരിച്ച സ്ത്രീയുടെ ബാധയാണ് ഇതെന്ന് നാട്ടുകാർ വിശ്വസിച്ചു. പക്ഷെ പലരും തുടക്കത്തിൽ ഇത് വിശ്വസിക്കാൻ തയ്യാറായില്ല. കഥ പരന്നതോടെ ഇവിടെ ജോലി ചെയ്യാൻ ആൾക്കാർ വരാതായി. എന്നാൽ ജോലിക്ക് പോകാൻ സമ്മതിച്ച ഒരാൾ അടുത്ത ദിവസം സ്റ്റേഷനിൽ കൊല്ലപ്പെട്ടു. പിന്നിട് സ്റ്റേഷൻ മാസ്റ്ററും കുടുംബവും കൂടി കൊല്ലപ്പെട്ടതോടെ പ്രദേശ വാസികൾ എല്ലാവരും ഭയന്ന് തുടങ്ങി. പിന്നിട് ആ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്താതെയായി. ജോലി ചെയ്യാൻ പലരും വിസമ്മതി ച്ചതോടെ 42 വർഷത്തോളം സ്റ്റേഷൻ അടച്ചിട്ടു.

പിന്നിട് 1990 കളിൽ നാട്ടുകാർ സ്റ്റേഷൻ തുറക്കണം എന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചു. 2007-ൽ പ്രദേശവാസികൾ അന്ന് റെയിൽവേ മന്ത്രി ആയിരുന്ന മമത ബാനർജിക്കും സിപിഎം നേതാവും ആ സമയത്ത് റെയിൽവേയുടെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി അംഗവുമായ ബസുദേബ് ആചാരിക്കും സ്റ്റേഷൻ തുറക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് കത്തെഴുതി. തുടർന്ന് 2009 ഓഗസ്റ്റിൽ ബെഗുൻകോദർ റയിൽവേ സ്റ്റേഷൻ വീണ്ടും തുറന്നു.

റെയിൽവേ സ്റ്റേഷൻ തുറന്നുവെങ്കിലും വൈകിട്ടു 5 മണിക്ക് ശേഷം യാത്രക്കാർ ആരും തന്നെ സ്റ്റേഷൻ ഉപയോഗിക്കാറില്ല. ദിവസവും പത്തോളം ട്രെയിനുകൾ ഇവിടെ നിർത്തിയിടാറുണ്ട്. രാത്രികാലങ്ങളിൽ ഇതിലൂടെ കടന്ന് പോകുമ്പോൾ ട്രെയിനിൽ പൂർണ നിശബ്ദത ആയിരിക്കും. 2017 ൽ പ്രേതകഥ മിഥ്യയാണെന്ന് തെളിയിക്കാൻ ഒരു കൂട്ടം യുക്തി വാദികൾ ശ്രമിച്ചു. ഒരു രാത്രി മുഴുവൻ അവർ സ്റ്റേഷനിൽ തമ്പടിച്ചെങ്കിലും കാമറകളിലോ കോമ്പസിലോ അമാനുഷിക മായതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവർ അറിയിച്ചു.

നിലവിൽ ബെഗുൻകോദർ റെയിൽവേ സ്റ്റേഷൻ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. പ്രേതകഥകളിൽ താൽപര്യമുള്ളവർക്ക് അമാനുഷിക
പ്രതിഭാസങ്ങൾ അറിയാൻ ഇവിടേക്ക് വരികയും, അനുഭവിച്ചു അറിയുകയും ചെയ്യാം. കണ്ടും കേട്ടറിഞ്ഞും നിരവധി പേർ ഇവിടെ എത്താറുണ്ട്.

Related Posts