പത്തനംതിട്ട: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി ഭഗവത് ഗീതയെ കുറിച്ച് ക്ലാസെടുക്കുന്നതായി വിമർശിച്ച് തമിഴ്നാട് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസികളുടെ നേതൃത്വത്തിൽ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനേയും അദ്ദേഹം വിമർശിച്ചു. മുൻപ് ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയനാണ് ഭഗവത്ഗീതയെ കുറിച്ച് ക്ലാസെടുക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം നരകത്തിൽ പോകാൻ യോഗ്യനാണെന്നും അണ്ണാമലൈ പറഞ്ഞു. നരകത്തിലേക്ക് മനുഷ്യന്‍ പോകാന്‍ മൂന്നു വഴികള്‍ ഉണ്ടെന്നതിൽ പറയുന്നു. കാമം, കോപം, ആര്‍ത്തി ഇവ മൂന്നും ആണത്. ഇത് മൂന്നും വിജയനുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
ഗീതയിലെ പന്ത്രണ്ടാം അധ്യായം ഉദ്ധരിച്ച പിണറായി വിജയന് അതിന്റെ മുകളിൽ വേറേയും അധ്യായമുണ്ടെന്ന് അറിയണമെന്നും വിമർശിച്ചു. ഡി.എം.കെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിക്കുന്ന സ്റ്റാലിനെയാണ് കേരളസർക്കാർ ക്ഷണിച്ചതെന്നും ഈ നടപടി വിശ്വാസികൾ ക്ഷമിക്കില്ലെന്നും അണ്ണാമലൈ പ്രതികരിച്ചു. തമിഴ്നാട്ടിൽ ആഗോള മുരുക സംഗമം നടത്തി വോട്ട് നേടാൻ സർക്കാർ ശ്രമിച്ചിരുന്നു. ഇതേ മാതൃകയിലാണ് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
















