Kerala News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വികസന സദസ്സ്; ലക്ഷ്യം ഭാവി വികസനം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭാവി വികസന പ്രക്രിയകളെക്കുറിച്ച് ചർച്ച ചെയ്യാനായി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ് വികസന സദസ്സ്. പൊതുജന പങ്കാളിത്തത്തോടെ ആശയങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നതിനും അവയ്ക്ക് പ്രായോ​ഗിക രൂപം നൽകുന്നതിനും ലക്ഷ്യമിടുന്നുവെന്നാണ് സംസ്ഥാന സർക്കാർ വികസന സദസ്സിനെക്കുറിച്ച് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ വികസന സദസ്സിന്റെ ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരം കോർപ്പറേഷന്റെ വികസന സദസ്സോടെയാണ് വികസന സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മുൻ കാലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളുണ്ടാകും അത് ചർച്ചയാകണം. ഭാവി വികസനങ്ങളും ചർച്ച ചെയ്യണം. സമൂഹമാകെ ഇതിൽ ആരോഗ്യകരമായ പങ്കാളിത്തം വഹിക്കും. ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ശരിയായി ഉപയോ​ഗപ്പെടുത്തിയാൽ അധികാര വികേന്ദ്രീകരണത്തിന് ശക്തി പകരുന്നതാകും സദസ് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ആസൂത്രണ പ്രക്രിയയിൽ സാധാരണയായി ജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകാറില്ല. അതാത് മേഖലയിൽ വൈദ​ഗ്ധ്യമുള്ളവരായിരുന്നു അത് ചെയ്തിരുന്നത്. എന്നാൽ ജനകീയാസൂത്രണം ആ പേരിനെ അന്വർഥമാക്കുന്ന രീതിയിലാകണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്.

ഓരോ പ്രദേശത്തിന്റെയും വികസനം എന്നത് സംസ്ഥാനത്തിന്റെ വികസനവും രാജ്യത്തിന്റെ കൂടി വികസനവുമാണ്. അത്തരത്തിൽ നാടിന്റെ വികസനത്തിനായി പുതിയ കാര്യങ്ങൾ മുൻ​ഗണനാ ക്രമത്തിൽ നടപ്പിലാക്കാൻ വികസന സദസ്സ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts