ന്യൂഡൽഹി: ഭ്രമണപഥത്തിൽ ഇന്ത്യൻ ഉപഗ്രഹങ്ങളുടെ അടുത്തായി അയൽ രാജ്യങ്ങളുടെ ഉപഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ബോഡിഗാർഡ് സാറ്റലെെറ്റുകളെ (അംഗരക്ഷക ഉപഗ്രഹങ്ങൾ) നിയോഗിക്കാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ. ഇന്ത്യൻ ഉപഗ്രഹത്തിന് നേരെയുള്ള ആക്രമണങ്ങൾ തിരിച്ചറിയാനും അവയിൽ നിന്ന് പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ബോഡിഗാർഡ് സാറ്റലെെറ്റുകൾ.
2024ൽ ഭമണപഥത്തിലുള്ള ഇന്ത്യൻ ഉപഗ്രഹത്തിനടുത്തേക്ക് അയൽ രാജ്യങ്ങളിൽ ഒന്നിന്റെ ഉപഗ്രഹം അപകടം സൃഷ്ടിക്കുന്ന വിധത്തിൽ ചേർന്നുവന്നതായി ഒരു സംഭവം നടന്നിരുന്നു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഉപഗ്രഹങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണ് ബോഡിഗാർഡ് സാറ്റലെെറ്റുകളെ നിയോഗിക്കാനുള്ള പദ്ധതിക്കായി സർക്കാർ തീരുമാനമെടുത്തത് എന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭൂമിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ഐഎസ്ആർഒയുടെ ഉപഗ്രഹത്തിന് അടുത്തേക്കാണ് കഴിഞ്ഞ വർഷം പകുതിയോടെ മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹമെത്തിയത്. ഭൂമിയിലെ വസ്തുക്കളുടെ നിരീക്ഷണം, ഭൂപടനിർമാണം തുടങ്ങി സൈനിക സഹായത്തിന് ആവശ്യമായ ജോലികൾ ചെയ്യുന്ന ഇന്ത്യൻ ഉപഗ്രഹത്തിന്റെ ഒരു കിലോമീറ്റർ അടുത്തുവരെയാണ് ഈ അയൽരാജ്യത്തെ ബഹിരാകാശ പേടകം എത്തിയിത്. ഇരു ഉപഗ്രഹങ്ങളും തമ്മിൽ കൂട്ടിയിടി ഉണ്ടായില്ലെങ്കിലും ഇത് മറ്റ് രാജ്യങ്ങളുടെ ശക്തിപ്രകടനമായി കണക്കാക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സർക്കാർ അംഗരക്ഷക ഉപഗ്രഹങ്ങളെ സജ്ജമാക്കാൻ തീരുമാനിച്ചത്.
















